തിരുവനന്തപുരം: കെപിസിസി- യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും കെ മുരളീധരൻ വിട്ടുനിൽക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്. തലസ്ഥാന നഗരിയിൽ മുരളീധരനുണ്ടെങ്കിലും യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. തൃശൂർ, ആലത്തൂർ സീറ്റുകളിലെ പരാജയമാണ് നേതൃയോഗത്തിൽ ചർച്ച ചെയ്യുക.
തൃശൂരിലെ തോൽവിക്ക് പിന്നാലെ തത്ക്കാലത്തേക്ക് പൊതുപ്രവർത്തന രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണെന്ന് മുരളീധരൻ പറഞ്ഞിരുന്നു. മുരളീധരനെ അനുനയിപ്പിക്കാനായി കെ. സുധാകരനുൾപ്പെടെയുള്ള നേതാക്കൾ നടത്തിയ ശ്രമങ്ങളും വിജയം കണ്ടിരുന്നില്ല.
തൃശൂരിലെ തോൽവി പഠിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ കെ മുരളീധരന്റെ വസതിയിലെത്തിയിരുന്നു. കെ സി ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് മുരളിയെ കണ്ട് വിശദാംശങ്ങൾ തേടിയത്. തൃശൂരിൽ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചതെന്നും എന്നാൽ തോൽവി ഏതെങ്കിലുമൊരു വ്യക്തിയുടെ തലയിൽ കെട്ടി വയ്‌ക്കാൻ ശ്രമിക്കുന്നില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. കെപിസിസി നേതൃ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















