മുംബൈ: മതവികാരം വ്രണപ്പെടുത്തി ‘രാഹോവൻ’ എന്ന വിവാദ നാടകം അവതരിപ്പിച്ച മുംബൈ ഐഐടിയിലെ 8 വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി. നാടകം അവതരിപ്പിച്ച നാല് സീനിയർ വിദ്യാർത്ഥികൾക്ക് 1.2 ലക്ഷം രൂപ വീതവും ജൂനിയർ വിദ്യാർത്ഥികൾക്ക് 40,000 രൂപ വീതവുമാണ് പിഴ ചുമത്തിയത്. സീനിയർ വിദ്യാർത്ഥികളെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജിംഖാന അവാർഡുകളിൽ നിന്ന് ഒഴിവാക്കിയതായും ജൂനിയർ വിദ്യാർത്ഥികളെ കോളേജ് ഹോസ്റ്റൽ സംവിധാനങ്ങളിൽ നിന്ന് പുറത്താക്കിയതായും കോളേജ് അധികൃതർ പറഞ്ഞു.
രാഹോവൻ നാടകത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കങ്ങളാണ് അടങ്ങിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കോളേജിലെ മറ്റ് വിദ്യാർത്ഥികൾ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. തുടർന്ന് നടത്തിയ അച്ചടക്ക കമ്മിറ്റി യോഗത്തിൽ പരാതികൾ ഉന്നയിച്ചിരുന്നു. ഇതിഹാസ കാവ്യമായ രാമായണത്തെ അവഹേളിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമായ ഉള്ളടക്കമാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചതെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. ഇതേത്തുടർന്ന് വിദ്യാർത്ഥികൾക്കെതിരെ പിഴ ചുമത്തുമെന്ന് കമ്മിറ്റി പ്രഖ്യാപിക്കുകയായിരുന്നു.
മാർച്ച് 31-ാം തീയതി കോളേജിലെ കലോത്സവത്തിനിടെയായിരുന്നു ഏതാനും വിദ്യാർത്ഥികൾ രാമായണ കഥയെ അവഹേളിക്കുന്ന വിധത്തിൽ രാഹോവൻ എന്ന നാടകം അവതരിപ്പിച്ചത്. ശ്രീരാമചന്ദ്രനെ ദുർബലനാക്കിയും രാവണനെ വീരപുരുഷനാക്കിയുമായിരുന്നു നാടകം അരങ്ങേറിയത്. രാമൻ, സീത, രാവണൻ എന്നീ പേരുകൾക്ക് പകരം രാഹ, ഭൂമി, അഘോര തുടങ്ങിയ പേരുകളായിരുന്നു കഥാപാത്രങ്ങൾ വേദിയിലെത്തിയത്. എന്നാൽ രാമായണത്തെ അവഹേളിക്കാൻ വിദ്യാർത്ഥികൾ മനപൂർവ്വം ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ കോളേജ് നടപടിയെടുക്കുകയായിരുന്നു.