ന്യൂഡൽഹി: UGC-NET ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പരീക്ഷയുടെ സമഗ്രതയെ ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് റദ്ദാക്കിയതെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അഖിയിച്ചു. വിഷയം സിബിഐയ്‌ക്ക് കൈമാറിയതായും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ദേശീയ പരീക്ഷാ ഏജൻസി ജൂൺ 18ന് നടത്തിയ UGC-NET പരീക്ഷ 9 ലക്ഷം വിദ്യാർത്ഥികളാണ് എഴുതിയത്. പരീക്ഷയിൽ വിട്ടുവീഴ്ച സംഭവിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. അതിനാലാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. അടുത്ത പരീക്ഷാതീയതി ഉടൻ അറിയിക്കും. സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ച് കഴിഞ്ഞുവെന്നും വിദ്യാഭ്യാസ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്സ്വാൾ അറിയിച്ചു.
കോളേജുകളിലേക്കും സർവകലാശാലകളിലേക്കും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ യോഗ്യതയാണ് UGC-NET. കഴിഞ്ഞ ദിവസം നടത്തിയ ഒഎംആർ പരീക്ഷ ബുധനാഴ്ച രാത്രിയാണ് റദ്ദാക്കിയത്. പരീക്ഷയിൽ ചില സൈബർ ക്രമക്കേടുകൾ നടന്നെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.