ടർബോ 2 പ്രതീക്ഷിക്കാമെന്ന് സംവിധായകൻ വൈശാഖ്. സിനിമയുടെ സക്സസ് സെലിബ്രേഷന്റെ ഭാഗമായി ഷാർജയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. സിനിമയുടെ അറബി വേർഷന്റെ ട്രെയിലറും അണിയറ പ്രവർത്തകർ പുറത്തിറക്കി. സിനിമ വിജയമാക്കി തീർത്ത പ്രേക്ഷകർക്ക് നടൻ മമ്മൂട്ടിയും നന്ദി പറഞ്ഞു. സിനിമ ഒരുതവണകൂടി കണ്ട് സന്തോഷിക്കണമെന്നും താരം പ്രതികരിച്ചു.
“ഒരു സിനിമയുടെ വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിനോളം സന്തോഷം മറ്റൊന്നിനും ഇല്ല. ടർബോ വിജയിപ്പിച്ച എല്ലാവർക്കും ഒരുപാട് നന്ദി. സിനിമയിൽ പ്രവർത്തിച്ച എല്ലാവരെയും ഈ സമയം ഞാൻ ഓർക്കുന്നു. സിനിമ കണ്ടവർക്ക് അറിയാം, മമ്മൂക്ക ഒരുപാട് കഷ്ടപ്പെട്ടാണ് ചെയ്തത്. ശാരീരികമായി ഒരുപാട് ദിവസങ്ങൾ അദ്ദേഹം അധ്വാനിച്ചിട്ടുണ്ട്. ടർബോ 2 നമുക്ക് ചെയ്യാം”-വൈശാഖ് പറഞ്ഞു.
സിനിമ വൻ വിജയമാക്കിയ പ്രേക്ഷകർക്ക് നടൻ മമ്മൂട്ടിയും നന്ദി പറഞ്ഞു. “നാട്ടിലെ അത്രയും ആൾക്കാർ ഗൾഫ് രാജ്യങ്ങളിൽ ടർബോ കണ്ടില്ല എങ്കിലും, കേരളത്തോടൊപ്പം കിടപിടിക്കുന്ന കളക്ഷനാണ് ടർബോയിക്ക് ലഭിച്ചത്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ജിസിസി എന്നത് വലിയ ഒരു മാർക്കറ്റ് ആണ്. എന്റെ സിനിമ ആദ്യമായിട്ടാണ് അറബിയിലേക്ക് മൊഴിമാറ്റപ്പെടുന്നത്. ഈ സിനിമ ഒന്നുകൂടെ കണ്ട് സന്തോഷിക്കുക”-മമ്മൂട്ടി പറഞ്ഞു.