സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രങ്ങളിൽ ഒന്നാണ് സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ‘വരാഹം’. സുരേഷ് ഗോപിയുടെ 257-ആം ചിത്രം. നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ടായിരുന്നു സിനിമയുടെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നത്. അതിനാൽ തന്നെ സിനിമയുടെ പ്രമേയം എന്താണെന്നും സുരേഷ് ഗോപിയുടെ കഥാപാത്രം എങ്ങനെ ആയിരിക്കുമെന്നുമുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. ഇപ്പോഴിതാ, ആരാധകരുടെ ആവേശം ഇരട്ടിയാക്കാൻ ഒരുങ്ങുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തിറക്കും.
ജൂൺ 22-ന് വൈകുന്നേരം 7 മണിക്ക് വരാഹത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്യും. സുരാജ് വെഞ്ഞാറമൂട്, നവ്യ നായർ, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവർ സുരേഷ് ഗോപിയ്‌ക്കൊപ്പം ചിത്രത്തിൽ അണിനിരക്കുന്നു എന്നതും വലിയ പ്രതീക്ഷ നൽകുന്നു. ജിത്തു കെ. ജയൻ, മനു സി. കുമാർ എന്നിവർ ചേർന്നാണ് വരാഹത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
മാവെറിക് മൂവീസിന്റെയും സഞ്ജയ് പടിയൂർ എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്നാണ് വരാഹം നിർമ്മിക്കുന്നത്. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ-മൻസൂർ മുത്തൂട്ടി, സംഗീതം-രാഹുൽ രാജ്, സംഘട്ടനം-തവസി രാജ്, മേക്കപ്പ്-റോക്സ് സേവ്യർ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.