മലപ്പുറം: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ. തുവ്വൂർ വില്ലേജ് ഓഫീസർ കെ. സുനിൽരാജാണ് അറസ്റ്റിലായത്. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
നീലാഞ്ചേരി സ്വദേശി സ്വദേശി തെച്ചിയോടൻ ജമീല ഭൂമിയുടെ പട്ടയം ലഭ്യമാകുന്നതിനായാണ് സുനിൽരാജ് കൈക്കൂലി ആവശ്യപ്പെട്ടത്. 52,000 രൂപ നൽകിയാൽ പട്ടയം ശരിയാക്കി തരാം എന്നായിരുന്നു വില്ലേജ് ഓഫീസറുടെ വാദം. സ്വന്തമായി വീട് പോലും ഇല്ലാത്ത ജമീല പണത്തിനായി ഏറെ അലഞ്ഞു.
വാർഡ് മെമ്പർ ഉൾപ്പെടെയുള്ള പ്രാദേശിക രാഷ്‌ട്രീയ നേതാക്കൾ ജമീലയെ സഹായിക്കാൻ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടെങ്കിലും സുനിൽരാജിന് 32,000 രൂപ ലഭിച്ചേ മതിയാകൂ എന്നായി. തുടർന്ന് 20,000 രൂപയുമായി ജമീല ഇന്ന് വില്ലേജ് ഓഫീസിലെത്തി. ഇതിന് പിന്നാലെയാണ് വില്ലേജ് ഓഫീസർ പിടിയിലായത്. ഇയാൾക്കെതിരെ ഇതിന് മുൻപും അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.