ശാസ്ത്ര- സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സ്റ്റാർട്ടപ്പുകളായ ഡീപ്‌ടെക്കുകളുടെ എണ്ണത്തിൽ വൻ കുതിപ്പെന്ന് റിപ്പോർട്ട്. ലോകത്തിൽ ആറാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. രാജ്യത്ത് ആകെ 3,600 ഡീപ്‌ടെക്ക് സ്റ്റാർട്ടപ്പുകളാണുള്ളത്. കഴിഞ്ഞ വർഷം ഇവയിൽ നിന്നായി 850 ദശലക്ഷം ഡോളറിന്റെ മൂലധനമാണ് ഇവ സ്വന്തമാക്കിയത്. നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസിന്റെ (NASSCOM) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം മാത്രം 480 ഡീപ്‌ടെക്ക് സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിൽ ആരംഭിച്ചത്. 2022-ൽ ആരംഭിച്ചതിനെ അപേക്ഷിച്ച് രണ്ടിരട്ടി വരുമിത്. ഈ വർഷം ആരംഭിച്ച ഡീപ്‌ടെക്ക് സ്റ്റാർട്ടപ്പുകളിൽ 74 ശതമാനവും നിർമിത ബുദ്ധി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 2014-22 കാലഘട്ടത്തിൽ ഇത് 62 ശതമാനമായിരുന്നു.
അഗ്നികുൾ, ഗാലക്‌സി ഐ, ഹെൽത്ത്‌പ്ലിക്‌സ്, സർവം എഐ, പെപ്‌ട്രിസ് തുടങ്ങിയ ഡീപ്‌ടെക് സ്റ്റാർട്ടപ്പുകൾ ആരോഗ്യം, സുസ്ഥിരത, സ്‌പേസ്-ടെക് തുടങ്ങിയ മേഖലകളിൽ ഉയർന്നുവരുന്നവയാണെന്ന് നാസ്‌കോം ഡീപ്‌ടെക്ക് കൗൺസിൽ ചെയർ ജയേന്ദ്രൻ വേണുഗോപാൽ പറഞ്ഞു. ടെക്നോളജി സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.