“നെറ്റ് പരീക്ഷ റദ്ദാക്കിയത് ചോദ്യപേപ്പർ ഡാർക്ക് നെറ്റിൽ വന്നതിനാൽ; കുറ്റക്കാർ എത്ര ഉന്നതരായാലും അഴിയെണ്ണും; NTAയുടെ സുതാര്യത ഉറപ്പാക്കാനും നടപടി”

Published by
Janam Web Desk

ന്യൂഡൽഹി: യുജിസി-നെറ്റ്, നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് കേന്ദ്രസർക്കാർ പ്രഥമ പരി​ഗണന നൽകുന്നതെന്നും യുജിസി-നെറ്റ്, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സുതാര്യതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ദേശീയ പരീക്ഷാ ഏജൻസിയിൽ (NTA) സുതാര്യത ഉറപ്പാക്കുന്നതിനായി നിർദേശങ്ങൾ നൽകാൻ ഉന്നതതല സമിതിയെ രൂപീകരിക്കും. ‌‌സമിതി നൽകുന്ന ശുപാർശകൾ പ്രകാരം NTAയുടെ ഘടന, പ്രവർത്തനങ്ങൾ, പരീക്ഷാപ്രക്രിയ, സുതാര്യത, ഡാറ്റ സെക്യൂരിറ്റി പ്രോട്ടോകോൾ എന്നിവ മെച്ചപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളും.

കുറ്റം ചെയ്തവർ എത്ര വലിയ ഉന്നതരായാലും നടപടിയെടുക്കും. ബിഹാറിലെ നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പട്ന പൊലീസ് കണ്ടെത്തിയ ചില വിവരങ്ങൾ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. വിഷയത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. അന്തിമ റിപ്പോർട്ട് പൊലീസ് ഉടൻ സമർപ്പിക്കും. കുറ്റക്കാരെ വെറുതെ വിടില്ല. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും വ്യവസ്ഥിതികളിലെ പോരായ്മകൾ കണ്ടെത്തി തിരുത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടത്തുന്ന കള്ളപ്രചാരണങ്ങളും രാഷ്‌ട്രീയവും ഒഴിവാക്കണമെന്നും ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തിൽ (ബിഹാർ നീറ്റ് പേപ്പർ ചോർച്ച) ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കരുതെന്നും കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു. സത്യസന്ധമായി പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ പരിശ്രമം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ സംവിധാനങ്ങളിൽ സമ്പൂർണ വിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് പ്രതിപക്ഷ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുകയാണ്. വിദ്യാർത്ഥികളുടെ ഭാവി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സുതാര്യതയ്‌ക്കായി 100 ശതമാനം പ്രതിബദ്ധത പുലർത്തുന്ന സർക്കാരാണിത്. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് വച്ചുപൊറുപ്പിക്കുന്ന സർക്കാരല്ല കേന്ദ്രത്തിലുള്ളതെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. UGC-NET പരീക്ഷാ പേപ്പർ ഡാർക്ക്നെറ്റിൽ വന്ന പേപ്പറുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നെറ്റ് പരീക്ഷ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതെന്നും കേന്ദമ്രന്ത്രി വ്യക്തമാക്കി.

Share
Leave a Comment