ഇന്ന് പത്താമത് അന്താരാഷ്ട്ര യോഗാ ദിനം. കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പായുന്ന മനസിനെ നിയന്ത്രിക്കുന്നതിന് ഭാരതത്തിലെ യോഗീവര്യന്മാർ കണ്ടെത്തിയ ഉത്തരമാണ് യോഗ. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി അന്താരാഷ്‌ട്ര തലത്തിൽ 2015 മുതൽ എല്ലാ വർഷവും ജൂൺ 21-ന് യോഗദിനമായി ആചരിക്കുന്നു.
ശരീരം, മനസ്, ആത്മാവ് എന്നീ മൂന്ന് ഭാവങ്ങളെ ആധാരമാക്കിയാണ് ഒരു വ്യക്തിയുടെ നിലനിൽപ്പ് തന്നെ. ഇതിൽ മനസിനേക്കാൾ സ്ഥൂലമാണ് പ്രാണവായു. ശരീരം അതിലും സ്ഥൂലമാണ്. സ്ഥൂലമായ ശരീരത്തിലൂടേയും സൂക്ഷ്മമായ പ്രാണനിലൂടേയും വേണം അതിസൂക്ഷ്മമായ, അദൃശ്യമായ മനസ്സിനെ നിയന്ത്രിക്കാൻ. ഇവിടെയാണ് യോഗ ഒരു ചികിത്സയായി മാറുന്നത്.
ആരോഗ്യമുള്ള ശരീരം, ആനന്ദം നിറഞ്ഞ മനസ്, ആരോഗ്യകരമായ സാമൂഹ്യ ബന്ധങ്ങൾ എന്നിവയുടെ വികാസമാണ് യോഗ ലക്ഷ്യമാക്കുന്നത്. ‘വ്യക്തിക്കും സമൂഹത്തിനും യോഗ’ (Yoga for Self and Society) എന്നതാണ് ഇത്തവണത്തെ യോഗാ ദിന പ്രമേയം. വ്യക്തിപരമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് പുറമേ സാമൂഹിക ക്ഷേമത്തിന് സംഭവന ചെയ്യാനും യോഗയ്ക്ക് സാധിക്കുമെന്നാണ് ഈ പ്രമേയം കൊണ്ട് വ്യക്തമാക്കുന്നത്.
യോഗപരിശീലനത്തിന്റെ ഭാഗമായ ആസനങ്ങളും പ്രാണായാമങ്ങളും ധ്യാനരീതികളും ഇതരപാഠങ്ങളും ശാന്തരാകാൻ നമ്മെ സഹായിക്കുന്നു. ഇത് ക്രമേണ സ്ഥിരതയും സ്വസ്ഥതയും ശുഭാപ്തി വിശ്വാസവും വികസിപ്പിക്കുന്നു.യോഗ ആരോഗ്യം മെച്ചപ്പെടുത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ആളുകളെ കൂടുതൽ വഴക്കമുള്ളവരും ശക്തരുമാക്കാൻ സഹായിക്കുന്നു. ശരീരത്തിന്റെയും ആത്മാവിന്റെയും മനസ്സിന്റെയും ഐക്യം നിലനിർത്തുന്നതിനാൽ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് യോഗ ഉപയോഗപ്രദമാണ്.
2014 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയിൽ തന്റെ പ്രസംഗത്തിനിടെ ആദ്യമായി അന്താരാഷ്‌ട്ര യോഗ ദിനം എന്ന ആശയം അവതരിപ്പിച്ചു. പിന്നീട് 2014 ഡിസംബർ 11-ന് ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭ ജൂൺ 21 ലോക യോഗദിനമായി ആചരിക്കാൻ പ്രഖ്യാപിക്കുകയായിരുന്നു. 2015 മുതലാണ് യോഗദിനം ആചരിച്ചുവരുന്നത്.