യോഗയെ ലോക പ്രശസ്തമാക്കുന്നതിൽ ഭാരതീയർക്ക് മാത്രമല്ല, വിദേശികൾക്കും വലിയ പങ്കുണ്ട്. ജീവിതം തന്നെ യോഗയ്ക്കായി ഒഴിഞ്ഞുവച്ച 101-കാരിയെ ഭാരതം അടുത്തിടെ പത്മശ്രീ നൽകി ആദരിച്ചിരുന്നു, ഫ്രാൻസിലെ യോഗ പരിശീലകയായ ഷാർലറ്റ് ചോപിനിനെ പ്രധാനമന്ത്രി അന്താരാഷ്‌ട്ര യോഗ ദിനത്തിൽ അനുസ്മരിച്ചു.
ഒരിക്കൽ പോലും ഇന്ത്യ സന്ദർശിച്ചിട്ടില്ലാത്ത വനിതയാണ് അവർ. എന്നാൽ യോഗയെ കുറിച്ച് ലോകത്തിന് അവബോധം നൽകുന്നതിന് അക്ഷീണം പ്രവർത്തിക്കുന്ന വനിതയാണവരെന്നും അവരെ പത്താം അന്താരാഷ്‌ട്ര യോഗ ദിനത്തിൽ ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല് പതിറ്റാണ്ടിലേറെയായി യോഗ പരിശീലന രംഗത്ത് സജീവമാണ് ഷാർലറ്റ്. പ്രായപരിമിതികളെ തച്ചുടച്ച് 50 വയസിന് ശേഷം യോഗ പഠിച്ച് പരിശീലനം നൽകുന്നതിന് പിന്നിലെ ആത്മസമർപ്പണത്തിനാണ് ഭാരതത്തിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതി നൽകി രാജ്യം ആദരിച്ചത്.
1982-ലാണ് ഷാർലറ്റ് തന്റെ യോഗ ജീവിതം ആരംഭിക്കുന്നത്. യോഗ, ഫിറ്റ്നസ്, ആരോഗ്യകരമായ ജീവിതശൈലി എന്നിവയുടെ പ്രാധാന്യം രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതിൽ ഷാർലറ്റ് ബൃഹത് പങ്കുവഹിക്കുന്നു.
ബാസ്റ്റിൽ ഡേ പരേഡിൽ പങ്കെടുക്കാൻ ഫ്രഞ്ച് പര്യടനത്തിനെത്തിയ വേളയിലാണ് പ്രധാനമന്ത്രി പാരീസിൽ വച്ച് ഷാർലറ്റ് ചോപ്പിനെ ആദ്യമായി കാണുന്നത്. യോഗയെ പിന്തുണയ്‌ക്കുകയും രാജ്യത്ത് വിപ്ലവം സൃഷ്ടിക്കാൻ യോഗയെ ആയുധമാക്കുന്നതിലും പ്രധാനമന്ത്രി അന്ന് ഷാർലറ്റിനെ അഭിനന്ദിച്ചിരുന്നു. മൻ കി ബാത്തിലും 101-കാരിയെ പരാമർശിച്ചിരുന്നു.