നോയിഡ : യോഗയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിന് മുൻപാകെ ഇന്ത്യയെ കാണിച്ചുകൊടുത്തെന്ന പ്രശംസയുമായി കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി. അന്താരാഷ്‌ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി നോയിഡയിൽ നടന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. എച്ച് ഡി കുമാരസ്വാമിക്കൊപ്പം സഹമന്ത്രി ഭൂപതി രാജു ശ്രീനിവാസ് വർമയും ചടങ്ങിൽ യോഗ അവതരിപ്പിച്ചു. യോഗയെ ലോകമെമ്പാടും ജനപ്രിയമാക്കുന്നതിൽ പ്രധാനമന്ത്രി വഹിച്ച പങ്ക് വളരെ വലുതാണെന്നും കുമാരസ്വാമി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
” ഈ പരിപാവനഭൂമിയിൽ രൂപംകൊണ്ട ജീവിതശൈലിയാണ് യോദ. ആരോഗ്യവും ആത്മീയതയും ഇവിടെ ഒന്നാകെ സമന്വയിക്കുകയാണ്. 2014ൽ ഐക്യരാഷ്‌ട്രസഭയും യോഗയെ അംഗീകരിച്ചു. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ശ്രമങ്ങൾക്ക് നന്ദി പറയുകയാണ്. 2015 മുതൽ ലോകമെമ്പാടും ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ആചരിക്കുന്നുണ്ട്. യോഗയിലൂടെ അദ്ദേഹം ഇന്ത്യയെ തന്നെയാണ് ലോകത്തിന് മുന്നിൽ കാണിക്കുന്നത്. യോഗ എല്ലാവരും അവരവരുടെ ജീവിതത്തിന്റെ ഭാഗമാക്കണം. ആരോഗ്യമുള്ള മനസിനും ശരീരത്തിനും ഇത് സഹായകമാണെന്നും” അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, പ്രൾഹാദ് ജോഷി, കിരൺ റിജിജു, ബി എൽ വർമ തുടങ്ങിയവരും ഡൽഹിയിൽ വിവിധ ഇടങ്ങളിലായി നടന്ന യോഗാദിനാചരണ പരിപാടികളുടെ ഭാഗമായി. ആർഎസ് പുര സെക്ടറിൽ അതിർത്തി മേഖലയിലെ അവസാനത്തെ ചെക്‌പോസ്റ്റിൽ ബിഎസ്എഫ് ഉദ്യോഗസ്ഥരും യോഗ അവതരിപ്പിച്ചു. കശ്മീരിൽ ഷേർ ഇ കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.















