ഹൈദരാബാദ്: ആയുധധാരികളായ കവർച്ച സംഘത്തെ കസേര കൊണ്ട് അടിച്ചിട്ട് അച്ഛനും മകനും. ഹൈദരാബാദിലെ ജ്വല്ലറിയിലാണ് സംഭവം. കടയുടമ ശേഷാറാമും മകൻ സുരേഷുമാണ് അക്രമികളെ സധൈര്യം നേരിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് പേർ ജ്വല്ലറിൽ അതിക്രമിച്ച് കയറിയത്. മുഖം മറയ്‌ക്കാനായി ഒരാൾ ബുർഖയും മറ്റേയാൾ ഹെൽമെറ്റും ധരിച്ചിരുന്നു. ബുർഖ ധരിച്ചയാൾ ജ്വല്ലറിൽ കയറിയ ഉടനെ ശേഷറാമിന്റെ തോളിൽ ആഞ്ഞ് കുത്തി. ഇതേ സമയം ഇയാളുടെ കൂട്ടാളി സഞ്ചിയിൽ ആഭരണങ്ങളും പണവും വാരിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഒരു നിമിഷം പകച്ച് പോയെങ്കിലും പരിക്ക് വകവെക്കാതെ അച്ഛനും മകനും കയ്യിൽ കിട്ടിയ കസേര കൊണ്ട് കവർച്ചക്കാരുടെ തലയ്‌ക്കടിച്ചു. ഒടുവിൽ അവശരായ മോഷ്ടാക്കൾ സാധനങ്ങൾ ഉപേക്ഷിച്ച് പുറത്തേക്കോടി. കത്തിയുമായി മോട്ടോർ സൈക്കിളിൽ കയറി രക്ഷപ്പെടുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്.
ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്ന് 25 മീറ്റർ അകലെയാണ് കവർച്ചാശ്രമം നടന്നത്. അക്രമികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി മുതിർന്ന പൊലീസ് ഓഫീസർ നരസിംഹ റെഡ്ഡി പറഞ്ഞു. കവർച്ചക്കാർ കടയ്‌ക്കുള്ളിൽ ഹിന്ദിയാണ് സംസാരിച്ചത്. ക്രിമിനൽ സംഘമായ ബവാറിയയിൽ പെട്ടവരാണെന്ന് സംശമുണ്ട്, അദ്ദേഹം വ്യക്തമാക്കി.















