മഥുര: യോഗിയുടെയും യോഗയുടെയും പരമമായ സത്ത ഉൾക്കൊള്ളുന്നവരാണ് ഇന്ത്യൻ സൈനികരെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. യുപിയിലെ മഥുര കന്റോൺമെന്റിൽ അന്താരാഷ്‌ട്ര യോഗാദിനാചരണത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സൈനികരുടെ ശാരീരികവും മാനസീകവുമായ കരുത്തിനെ അദ്ദേഹം വാഴ്‌ത്തിയത്.
ദുരന്തമുഖങ്ങളിൽ അസാമാന്യ ധൈര്യത്തോടെയും അർപ്പണബോധത്തോടെയും നിലകൊള്ളുന്നവരാണ് നമ്മുടെ ജവാൻമാർ. തിരിച്ചടി ആവശ്യമാണെന്ന് തോന്നുന്നിടത്ത് മാത്രം പ്രതികരിക്കുകയും അല്ലാത്തിടത്ത് യോഗിയെ പോലെ സമാധാനവും ത്യാഗവും ശാന്തതയും പുലർത്തുകയും ചെയ്യും. ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തേയും അങ്ങോട്ട് ചെന്ന് ആക്രമിച്ചിട്ടില്ല. ഈ സത്യം ലോകത്തിന് നന്നായി അറിയാം. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തേയും അഖണ്ഡതയേയും ചോദ്യം ചെയ്താൽ ശക്തമായി പ്രതികരിക്കാൻ ഇന്ത്യയ്‌ക്ക് കഴിവുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.
കരസേന മേധാവി മനോജ് പാണ്ഡെയും മറ്റ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും അന്താരാഷ്‌ട്ര യോഗ ദിനത്തിൽ പ്രതിരോധ മന്ത്രിക്കൊപ്പം യോഗ അവതരിപ്പിച്ചു.