ഷിംല: ഹിമാചൽ പ്രദേശിൽ എച്ച്.ആർ. ടി. സിയുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവറുൾപ്പെടെ 4 പേർ മരിച്ചു. ജുബ്ബാലിലെ കെഞ്ചി മേഖലയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. രോഹ്‌റു മേഖലയിലെ ഖുദ്ദ് – ദിൽത്താരിയിലേക്ക് പോയ ബസ്സാണ് അപകടത്തിൽപെട്ടത്.
ഡ്രൈവറായ കരം ദാസ്, കണ്ടക്ടർ രാകേഷ്കുമാർ, ബസ് യാത്രികയായ ബിർമ ദേവി , നേപ്പാൾ സ്വേദേശിയായ ധൻ ഷാ എന്നിവരാണ് മരിച്ചത്. ജയേന്ദ്ര രംഗത, ദീപിക, ഹസ്‌ത ബഹദൂർ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ രോഹ്‌റുവിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു, ഗവർണർ ശിവ പ്രതാപ് ശുക്ല , ഉപമുഖ്യമന്ത്രി മുഖേഷ് അഗ്നിഹോത്രി എന്നിവർ ദുരന്തത്തിൽ അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25000 രൂപയും പരിക്കേറ്റവർക്ക് 10000 രൂപയും അടിയന്തര സഹായമായി നൽകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.















