കന്നഡ സിനിമാ നടൻ ദർശനും കൂട്ടാളികളും ചേർന്ന് ചിത്രദുർഗ സ്വദേശിയായ യുവാവിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. രേണുകാ സ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെയാണ് കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ തുടരന്വേഷണം നടക്കവേ നടൻ ദർശൻ സഹാനുഭൂതിയും വിനയവുമുള്ള വ്യക്തിയാണെന്നാണ് സഹതാരവും നടിയുമായ അനുഷ റായ് പറയുന്നത്. കേസിൽ ദർശൻ ഉൾപ്പെട്ടത് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താരം പ്രതികരിച്ചു.
“ദർശൻ പെട്ടെന്ന് കോപം വരുന്ന ആളാണ്. അദ്ദേഹത്തിന് അങ്ങനെയൊരു ആരോഗ്യ പ്രശ്നമുണ്ട്. എന്നിരുന്നാലും അദ്ദേഹം വളരെ വിനയമുള്ള നല്ല ഒരു മനുഷ്യനാണ്. എല്ലാ കാര്യങ്ങളിലും ദർശൻ ദേഷ്യപ്പെടില്ല. ആളുകൾ അദ്ദേഹത്തോട് ശ്രദ്ധാപൂർവ്വം സംസാരിക്കുന്നു. ഞാൻ സംസാരിക്കുന്നത് എന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടാണ്. തനിക്ക് ദേഷ്യത്തിന്റെ പ്രശ്‌നങ്ങളുണ്ടെന്ന് ദർശൻ അഭിമുഖങ്ങളിൽ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഞാൻ കുട്ടിക്കാലം മുതൽ ദർശന്റെ ആരാധികയാണ്. അദ്ദേഹത്തെ നിരവധി തവണ കണ്ടുമുട്ടിയിട്ടുണ്ട്”.
“തന്റെ ജന്മദിനത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രമേ ആരാധകർക്ക് ഭക്ഷണം നൽകാറുള്ളൂവെന്നും എന്നാൽ വർഷത്തിൽ 365 ദിവസവും തനിക്ക് ഭക്ഷണം നൽകുന്നത് അവരാണെന്നും അവർ കാരണമാണ് താൻ നല്ല ജീവിതം നയിക്കുന്നതെന്നും ദർശൻ എന്നോട് പറഞ്ഞു. റോഡിൽ കാറുകളിലും ബൈക്കുകളിലും തന്നെ പിന്തുടരരുതെന്ന് അദ്ദേഹം ആരാധകരോട് പറഞ്ഞിട്ടുണ്ട്. കാരണം താൻ അതിവേഗത്തിൽ സഞ്ചരിക്കും, നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ ആവശ്യമുണ്ട് എന്നായിരുന്നു ദർശൻ ആരാധകരോട് പറഞ്ഞിരുന്നത്. ഇത്രയും കരുതലുള്ള ഒരാൾ എങ്ങനെ ഇതുപോലൊരു കുറ്റകൃത്യത്തിൽ ഏർപ്പെടും?- നടി അനുഷാ റായി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജൂൺ 9-നാണ് രേണുകാ സ്വാമിയുടെ മൃതദേഹം ബെംഗളൂരു സുമനഹള്ളിയിലെ ഓവുചാലിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് ദർശനും പവിത്രയും ഉൾപ്പെടെ 13 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതിക്രൂരമായാണ് യുവാവിനെ ദർശനും സംഘവും കൊലപ്പെടുത്തിയത്. കെട്ടിയിട്ട് ഷോക്കടിപ്പിച്ചു, ജനനേന്ദ്രിയം തകർത്തു. വടികൊണ്ട് അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.















