ജനീവ: ഇന്ത്യക്കാരായ വീട്ടുജോലിക്കാരെ ചൂഷണം ചെയ്തതിന് ഹിന്ദുജ ഗ്രൂപ്പ് കുടുംബത്തിലെ നാല് പേർക്ക് നാലര വർഷം വീതം തടവുശിക്ഷ വിധിച്ച് സ്വിസ് കോടതി. ഇന്ത്യൻ വംശജനും പ്രമുഖ വ്യവസായിയുമായ പ്രകാശ് ഹിന്ദുജ, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, മകന്റെ ഭാര്യ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. എന്നാൽ ജോലിക്കായി മനുഷ്യക്കടത്ത് നടത്തിയെന്ന കുറ്റം കോടതി റദ്ധാക്കി.
ജനീവയിലെ തങ്ങളുടെ ആഡംബര വില്ലയിൽ ജോലി ചെയ്യുന്നവരോടായിരുന്നു ഇവർ ക്രൂരമായി പെരുമാറിയത്. ജീവനക്കാരുടെ പാസ്‌പോർട്ട് പിടിച്ചുവയ്‌ക്കുക, സ്വിസ് ഫ്രാങ്കിന് പകരം ഇന്ത്യൻ രൂപയിൽ ശമ്പളം നൽകുക, പുറത്തേക്ക് പോകാൻ അനുവദിക്കാതിരിക്കുക, കുറഞ്ഞ ശമ്പളത്തിൽ നീണ്ട നേരം ജോലി ചെയ്യിക്കുക തുടങ്ങിയവയായിരുന്നു ഇവർക്കെതിരെയുള്ള ആരോപണം. തൊഴിൽ പീഡനം ആരോപിച്ച് ജീവനക്കാർ തന്നെയാണ് കോടതിയെ സമീപിച്ചത്.
2007ൽ സമാന രീതിയിലുള്ള കേസിൽ പ്രകാശ് ഹിന്ദുജയെ ശിക്ഷിക്കപ്പെട്ടിരുന്നു.കേസിൽ വജ്രങ്ങൾ, പ്ലാറ്റിനം നെക്‌സ്, മറ്റ് ആഭരണങ്ങൾ എന്നിവ ഉൾപ്പെടുന്ന വിവിധ സ്വത്തുക്കൾ സ്വിസ് കോടതി കണ്ടുകെട്ടി. വിധി കേൾക്കാൽ ഹിന്ദുജ കുടുംബം കോടതിയിൽ എത്തിയില്ല. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ അഭിഭാഷകർ അറിയിച്ചു.
ഹിന്ദുജ കുടുംബം പതിറ്റാണ്ടുകളായി സ്വിറ്റ്സർലൻഡിലാണ് താമസിക്കുന്നത്.
പാചകക്കാരും വീട്ടുജോലിക്കാരുമാണ് തൊഴിൽ പീഡനത്തിന് ഇരയായത്. സമാന ജോലിക്ക് സ്വിസ് നിയമപ്രകാരം ലഭിക്കുന്ന വേതനത്തിന്റെ പത്തിൽ ഒന്ന് മാത്രമേ ഇവർ ജോലിക്കാർക്ക് നൽകിയിരുന്നുള്ളൂ. അതും ഇന്ത്യൻ രൂപയിൽ നാട്ടിലെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്. ദിവസത്തിൽ 18 മണിക്കൂർ വരെ ജോലി ചെയ്യാൻ നിർബന്ധിച്ചുവെന്നും തറയിലായിരുന്നു ഉറക്കമെന്നും പ്രോസിക്യൂട്ടർ കോടതിൽ റിപ്പോർട്ട് നൽകി. ഇതുകൂടാതെ, പ്രകാശ് ഹിന്ദുജയ്‌ക്കെതിരെ നികുതി വെട്ടിപ്പുമായിമായി ബന്ധപ്പെട്ട കേസും നിലവിലുണ്ട്
ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് ഹിന്ദുജ കുടുംബത്തിന്റെ ആസ്തി ഏകദേശം 20 ബില്ല്യൺ ഡോളറാണ്. . ഏഷ്യയിലെ ഏറ്റവും സമ്പന്നരായ 20 കുടുംബങ്ങളിലൊന്നാണിത്. 38 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ രണ്ട് ലക്ഷത്തിലധികം തൊഴിലാളികളാണ് ഗ്രൂപ്പിനുള്ളത്.