ഊർജ്ജ കാര്യക്ഷമതയ്‌ക്ക് തനിക്ക് അവാർഡ് കിട്ടിയെന്ന് ആര്യ രാജേന്ദ്രൻ; ഭയം ഉള്ളിൽ ഒതുക്കി ജനങ്ങൾ

Published by
Janam Web Desk

തിരുവനന്തപുരം: തന്റെ പ്രവർത്തനങ്ങൾക്ക് പുരസ്കാരം ലഭിച്ചുവെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ 2024-ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരമാണ് തനിക്ക് ലഭിച്ചതെന്ന് മേയർ പറഞ്ഞു.  പുരസ്കാരം ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നും നഗരസഭ പരിധിയിൽ ഊർജ്ജ കാര്യക്ഷമതയ്‌ക്കായി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനാണ് അംഗീകാരം ലഭിച്ചതെന്നും ആര്യ രാജേന്ദ്രൻ സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടു.

ഒരു മാധ്യമ സ്ഥാപനം നൽകിയ പുരസ്കാരമാണ് മേയർ ആര്യ രാജേന്ദ്രന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പ്. നഗരത്തെ സ്മാർട്ടാക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഫേസ്ബുക്കിലൂടെ ആര്യ രാജേന്ദ്രൻ അവകാശപ്പെട്ടു. തിരുവനന്തപുരം നഗരത്തിലെ പ്രധാന പ്രശ്നങ്ങൾക്ക് ഇതുവരെയും നടപടി കൈക്കൊള്ളാത്തതിനാൽ ജനങ്ങൾക്കിടയിൽ നിന്നും പ്രതിഷേധം ഉയരുമ്പോഴാണ് മികച്ച പ്രവർത്തനത്തിന് തനിക്ക് അവാർഡ് ലഭിച്ചുവെന്ന് ആര്യ രാജേന്ദ്രൻ പറയുന്നത്.

മഴ കനത്തതോടെ തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇത് പരിഹരിക്കാനുള്ള ഒരു നടപടിയും മേയർ സ്വീകരിച്ചിരുന്നില്ല. ചെറിയ ഒരു മഴ പെയ്താല്‍ തലസ്ഥാന നഗരി വെള്ളത്തിലാണ്. ഓടകളുടെ ശുചീകരണ പ്രവര്‍ത്തനം കൃത്യമായി നടത്താത്തതാണ് പ്രധാന കാരണം. വെള്ളക്കെട്ട് പരിഹരിക്കാൻ അനുവദിച്ച തുക പോലും വേണ്ട രീതിയിൽ വിനിയോഗിച്ചിരുന്നില്ല.  വെള്ളക്കെട്ട് പരിഹരിക്കാൻ കഴിഞ്ഞ വര്‍ഷം കോര്‍പറേഷന്‍ വകയിരുത്തിയത് 8,08,82,344 രൂപയാണ്. എന്നാൽ ചെലവഴിച്ചത് 2,62,87,064 രൂപ മാത്രം. ചിലവഴിക്കാതെ 5,45,95,280 രൂപ മേയർ പാഴാക്കുകയായിരുന്നു. മഴ കനത്താൽ എപ്പോൾ വേണമെങ്കിലും വീടുകൾ മുങ്ങിപ്പോകും എന്ന ഭയത്തിലാണ് തിരുവനന്തപുരം നഗരത്തിലെ ജനങ്ങൾ.

 

Share
Leave a Comment