കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത നാല് കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. നേതാക്കൾക്ക് വീഴ്ച പറ്റിയെന്ന് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെയുളള നേതാക്കളെയാണ് പുറത്താക്കിയത്.
ഉദുമ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് രാജൻ പെരിയ, പെരിയ മണ്ഡലം പ്രസിഡന്റായിരുന്ന പ്രമോദ് പെരിയ, ടി രാമകൃഷ്ണൻ എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും നാല് പേരെയും കെപിസിസി അധ്യക്ഷൻ സസ്‌പെൻഡ് ചെയ്തുവെന്ന് കെപിസിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം നിയാസ്, രാഷ്‌ട്രീയ കാര്യ സമിതിയംഗം എൻ സുബ്രഹ്‌മണ്യൻ എന്നിവരടങ്ങിയ കെപിസിസി അന്വേഷണ കമ്മീഷൻ നേതാക്കൾക്ക് വീഴ്ച പറ്റിയതായി റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ 13 ാം പ്രതിയും സിപിഎം പെരിയ ലോക്കൽ സെക്രട്ടറിയുമായിരുന്ന എൻ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സൽക്കാരത്തിലാണ് നേതാക്കൾ പങ്കെടുത്തത്.
ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് നടപടി സ്വീകരിക്കാൻ കെപിസിസി നിർബന്ധിതമായത്. സംഭവം വിവാദമായതോടെ പ്രമോദ് പെരിയയെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.