ന്യൂഡൽഹി: ബംഗ്ലാദേശും ഇന്ത്യയുമായുള്ള ബന്ധം എക്കാലത്തേക്കാളും വേഗത്തിലും ദൃഢമായും വളർന്നുകൊണ്ടിരിക്കുകയാണെന്ന് ഷെയ്ഖ് ഹസീന. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളെ കാണവേയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി.
തനിക്ക് നൽകിയ ക്ഷണത്തിന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു. ബംഗ്ലാദേശിന്റെ 12 ആം പാർലമെന്റ് തെരഞ്ഞെടുപ്പിനും ഈ വർഷമാദ്യം പുതിയ സർക്കാർ രൂപീകരിച്ചതിനും ശേഷമുള്ള ഷെയ്ഖ് ഹസീനയുടെ ആദ്യ വിദേശ സന്ദർശനമാണിത്. 1971 ലെ ബംഗ്ലാദേശ് വിമോചനസമരത്തിന് ഇന്ത്യൻ ഗവൺമെന്റും പൗരന്മാരും നൽകിയ സംഭാവനകൾ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നുവെന്ന് ഹസീന പറഞ്ഞു.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം വൈസ് പ്രസിഡന്റ് ജഗദീപ് ധൻകർ, പ്രസിഡന്റ് ദ്രൗപദി മുർമു എന്നിവരുമായും ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെയും പ്രതിനിധി സംഘത്തിന്റെയും ചർച്ചയിൽ രാഷ്‌ട്രീയം, സുരക്ഷ, വ്യാപാരം, ജലവിതരണം, ഊർജ്ജം, മുതലായ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ധാരണയായി.















