അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ആവേശം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും ആരാധകരേറെയാണ്. എന്നാൽ നിഷ്കളങ്കത കൊണ്ടും സ്നേഹം കൊണ്ടും വാത്സല്യംകൊണ്ടും മലയാളി പ്രേക്ഷകരുടെ മനം കവർന്നത് ബിബിയുടെ അമ്മയാണ്. ‘മോൻ ഹാപ്പി അല്ലേ’ എന്ന നിഷ്കളങ്കമായ ചോദ്യം പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. നടി ദർശനയുടെ അമ്മയായ നീരജ രാജേന്ദ്രനാണ് ബിബിയുടെ അമ്മയായി ആവേശത്തിൽ വേഷം ചെയ്തിരിക്കുന്നത്. നടി ദർശനയുടെ അമ്മ മാത്രമല്ല, താരത്തിന്റെ കുടുംബം മുഴുവൻ ഇന്ന് സിനിമയിൽ തിളങ്ങി നിൽക്കുന്നു. ഒരു മാധ്യമത്തിന് നൽകി അഭിമുഖത്തിൽ കുടുംബമാകെ സിനിമയിൽ എത്തിയതിനെ പറ്റി മനസ്സ് തുറക്കുകയാണ് ദർശന.
“നെപ്പോ മമ്മി ഒന്നുമല്ല. അമ്മ തന്നെത്താൻ കണ്ടുപിടിച്ചതാണ് സിനിമ. ഞാൻ കൊണ്ടുവന്നതല്ല അമ്മയെ. എന്റെ വീട് സിനിമാ റിസപ്ഷൻ പോലെയാണെന്ന് കളിയാക്കും. ഓരോരുത്തര് ബാഗ് പാക്ക് ചെയ്തു പോകുന്നത് കാണാം. അതങ്ങനെ സംഭവിച്ചു പോയതാണ്. ഞാനല്ല ആദ്യം നടിയായത്. എന്റെ ചേച്ചിയാണ് ഞങ്ങളുടെ വീട്ടിലെ ആദ്യ അഭിനേതാവ്. ചെറുതിലേ തൊട്ട് ചേച്ചി നാടകത്തിൽ അഭിനയിക്കുന്നുണ്ട്. കുട്ടികളെ ഇപ്പോഴും ചേച്ചി പഠിപ്പിക്കുന്നു. അമ്മയുടെ എനർജി വച്ച് നല്ലൊരു നടിയാകും എന്ന് തോന്നും”.
“പണ്ടുമുതലേ കലയിൽ ഞങ്ങൾ ആക്ടീവ് ആണ്. ഒരു ദിവസം പെട്ടെന്ന് അമ്മ വിളിക്കുകയായിരുന്നു. ‘എന്നെ ഒരു ഓഡിഷൻ വിളിച്ചിട്ടുണ്ട്. ഓഡിഷന് എന്താണ് ചെയ്യേണ്ടത്’ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു കൊടുത്തു. അങ്ങനെയാണ് അമ്മ തുടങ്ങുന്നത്. അതുകഴിഞ്ഞപ്പോൾ അമ്മ നന്നായി ചെയ്യാൻ തുടങ്ങി. അഭിനയത്തിൽ അമ്മയുടെ യാത്ര വേറെയാണ്. ആവേശത്തിലെ പോലെയാണ് അമ്മ എപ്പോഴും”- ദർശന പറഞ്ഞു.