തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ പ്രവേശന കവാടത്തിന്റെയും നടപ്പുരയുടെയും നിർമാണം പൂർത്തിയായി. കിഴക്കേനടയിൽ ഇരുനിലകളായാണ് പുതിയ പ്രവേശന കവാടം നിർമ്മിച്ചിരിക്കുന്നത്. ഗോപുരത്തിന്റെ സമർപ്പണ ചടങ്ങ് ജൂലൈ ഏഴിന് നടക്കും.
പ്രവാസി വ്യവസായിയും വെൽ ഐ ഗ്രൂപ്പ് മേധാവിയുമായ വിഘ്‌നേഷ് വിജയകുമാറിന്റെ വഴിപാടായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിലേക്കൊരു പ്രവേശന കവാടം. ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ ശിൽപികളായ എളവള്ളി നാരായൺ ആചാരിയുടെ മകൻ എളവള്ളി നന്ദനും സംഘവുമാണ് പ്രവേശന കവാടം നിർമിച്ചത്. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരമായിരുന്നു നടപ്പുര നവീകരിക്കാനുള്ള രൂപരേഖ തയ്യാറാക്കിയത്.
കഴിഞ്ഞ വർഷമാണ് പ്രവേശന കവാടത്തിന്റെയും നടപ്പന്തലിന്റെയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നടപന്തലിൽ 20 തൂണുകളാണുള്ളത്. പ്രവേശന കവാടത്തിന്റെ നാല് തൂണുകളിൽ ഗുരുവായൂരപ്പന്റെയും വെണ്ണക്കണ്ണന്റെയും ദ്വാരപാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഗോപുരത്തിന്റെ താഴെയുള്ള ഭാഗത്ത് ആഞ്ഞിലി മരത്തിൽ കൊത്തിയെടുത്ത ബ്രഹ്‌മാവ്, അടഷ്ടദിക് പാലകർ, വ്യാളീരൂപങ്ങൾ എന്നിവയുമുണ്ട്.
ഇരുനിലകളുള്ള പ്രവേശന കവാടത്തിന്റെ ഗോപുരങ്ങളിൽ മൂന്ന് താഴികക്കുടങ്ങളും സ്ഥാപിച്ചിരിക്കുന്നു. ചെമ്പിൽ വാർത്ത താഴികക്കുടങ്ങൾ നിറയ്‌ക്കാൻ 93 കിലോ ഞവരനെല്ലാണ് ഉപയോഗിച്ചത്. നാല് തട്ടുകളുള്ള ഈ താഴികക്കുടങ്ങൾക്ക് അഞ്ച് അടി ഉയരമുണ്ട്.















