ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുടെ (NTA) മേധാവിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്രസർക്കാർ. നീറ്റ്-നെറ്റ് ചോദ്യ പേപ്പറുകൾ ചോർന്ന സാഹചര്യത്തിലാണ് പരീക്ഷ നടത്തിയ NTAയുടെ അദ്ധ്യക്ഷൻ സുബോധ് കുമാർ സിംഗിനെ മാറ്റിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള NTAയുടെ പുതിയ ഡയറക്ടർ ജനറലായി പ്രദീപ് സിംഗ് ഖരോലയെ നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവും ഇറക്കിയിട്ടുണ്ട്. ഇന്ത്യൻ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് നിലവിൽ ഖരോല. 1985 ബാച്ച് കർണാടക കേഡറിലെ ഐഎഎസ് ഓഫീസറും മുൻ സിവിൽ ഏവിയേഷൻ സെക്രട്ടറിയുമാണ്.
NTAയുടെ ഘടനയും പരീക്ഷാ നടത്തിപ്പും അടക്കമുള്ള കാര്യങ്ങൾ വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധസമിതിയെ നിയോഗിച്ചതിന് പിന്നാലെയാണ് ഏജൻസിയുടെ മേധാവിയെ മാറ്റിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നീക്കം. ISRO മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായ വിദഗ്ധ സമിതി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്. ദേശീയ പരീക്ഷാ ഏജൻസിയുടെ കീഴിൽ നടത്തുന്ന എല്ലാ പരീക്ഷകളും കൂടുതൽ സുതാര്യവും സുഗമവും നീതിയുക്തവുമാണെന്ന് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ വിദഗ്ധ സമിതി നൽകുന്നതാണ്.















