മ്യൂണിക്ക്: യുവതയുടെ കരുത്തുമായെത്തിയ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് പ്രീ ക്വാർട്ടർ ഉറപ്പിച്ച് പരിചയ സമ്പന്നരായ പോർച്ചുഗൽ. ഗ്രൂപ്പ് എഫിലെ പോരാട്ടത്തില്‍ പോർച്ചുഗൽ സൃഷ്ടിച്ചെടുത്ത ഒരുപിടി ഗോളവസരങ്ങൾ ലക്ഷ്യത്തിലേക്ക് എത്തിയിരുന്നെങ്കിൽ ഗോളെണ്ണം മൂന്നിലും നിൽക്കില്ലായിരുന്നു.
അസിസ്റ്റുമായി തിളങ്ങിയ റൊണാൾഡോയും മികച്ച കളിയാണ് പുറത്തെടുത്തത്. ആവേശത്തോടെ തുടങ്ങിയ തുർക്കി എതിരാളികൾ ആദ്യം വലകുലുക്കിയതോടെ തളരുകയായിരുന്നു. യൂറോയിൽ പോർച്ചുഗീസ് സംഘത്തിനെതിരെ ഗോൾ നേടാനായിട്ടില്ലെന്ന് അപഖ്യാതി അവർ ഇക്കൊല്ലവും തുടർന്നു.
ബെർണാഡോ സിൽവയുടെ ഗോളിലൂടെയാണ് പറങ്കിപ്പട അക്കൗണ്ട് തുറന്നത്. 21-ാം മിനിട്ടിൽ നൂനോ മെൻഡസ് നൽകിയ പാസ് ബോക്സിന്റെ മദ്ധ്യഭാഗത്ത് നിന്ന് ഇടംകാൽ ഷോട്ടിൽ വലയിലാക്കിയാണ് സിറ്റി താരം പോർച്ചുഗലിനെ മുന്നിലെത്തിച്ചത്. തുർക്കി ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 28-ാം മിനിട്ടിൽ തുര്‍ക്കി ഡിഫന്‍ഡര്‍ സാമെറ്റ് അകായ്ദിനാണ് സ്വന്തം പോസ്റ്റിൽ പന്ത് അടിച്ചുകയറ്റി പറങ്കികളുടെ ലീഡ് രണ്ടാക്കിയത്.
ഗോളിയെ ശ്രദ്ധിക്കാതെ സ്വന്തം പോസ്റ്റിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു. ആള്‍ട്ടേ ബായിന്ദർ പിന്നാലെയോടിയെങ്കിലും ഗോൾവര കടന്നതിന് ശേഷമാണ് പന്ത് ക്ലിയർ ചെയ്യാനായത്. ജോവോ കോണ്‍സാലെ ക്രിസ്റ്റ്യാനോയ്‌ക്ക് നൽകിയ ത്രൂ ബോളാണ് തുർക്കി താരം ഓൺ ഗോളാക്കിയത്.
55-ാം മിനിട്ടിലാണ് പോർച്ചുഗലിന്റെ മൂന്നാം ഗോൾ വന്നത്.തുർക്കി ബോക്സിൽ ക്രിസ്റ്റ്യാനോ തളികയിൽ വച്ചു നൽകിയ ബോൾ ഗോൾവലയിലേക്ക് തട്ടിയിടുക എന്ന ജോലി മാത്രമേ ബ്രൂണോ ഫെർണാണ്ടസിന് ഉണ്ടായിരുന്നുള്ളു. 41-കാരനായ പെപെയുടെ മിന്നും ടാക്കിളുകളും ക്ലിയറൻസുമായിരന്നു മത്സരത്തിന്റെ മറ്റൊര് ആകർഷണം. 81 മിനിട്ടിൽ താരത്തെ പിൻവലിക്കുമ്പോൾ കാണികൾ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ആദരവ് നൽകിയത്.















