കിംഗ്‌സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ യുഎസ്എ തുടങ്ങിയ അട്ടിമറി സൂപ്പർ എട്ടിലും തുടരുന്നു. സൂപ്പർ എട്ട് പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ അഫ്ഗാനിസ്ഥാൻ മുട്ടുകുത്തിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലാൻഡിനെ തോൽപിച്ച ശേഷം അഫ്ഗാൻ നേടുന്ന ത്രസിപ്പിക്കുന്ന വിജയമാണിത്. 149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയെ അഫ്ഗാൻ ബൗളർമാർ 127 റൺസിന് പിടിച്ചുകെട്ടി. 21 റൺസിനാണ് അഫ്ഗാന്റെ വിജയം.
അഫ്ഗാന് വേണ്ടി ഓൾറൗണ്ടർ ഗുൽബാദിൻ നയീബ് നാല് വിക്കറ്റുകളും നവീൻ ഉൽ ഹഖ് മൂന്ന് വിക്കറ്റുകളും വീഴ്‌ത്തി. 20 റൺസ് മാത്രം വിട്ടുകൊടുത്താണ് ഗുൽബാദിൻ നാല് വിക്കറ്റുകൾ വീഴ്‌ത്തിയത്. താരത്തിന്റെ കരിയറിലെ മികച്ച പ്രകടനമാണിത്. തിങ്കളാഴ്ച ഇന്ത്യയുമായുളള അടുത്ത മത്സരത്തിൽ കൂടി പരാജയപ്പെട്ടാൽ ഓസ്‌ട്രേലിയ ടൂർണമെന്റിൽ നിന്ന് പുറത്താകും.
ടോസ് ലഭിച്ചെങ്കിലും ആദ്യം ഫീൽഡ് ചെയ്യാനായിരുന്നു ഓസീസിന്റെ തീരുമാനം. ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് കളം പിടിച്ചതോടെ ഓസീസ് ബൗളർമാർക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. അഫ്ഗാന്റെ സ്‌കോർ 100 കടത്തിയ ശേഷമാണ് റഹ്‌മാനുളള ഗുർബാസും ഇബ്രാഹിം സാദ്രനും വേർപിരിഞ്ഞത്.
പതിനഞ്ചാം ഓവറിൽ സ്‌റ്റോയ്‌നിസ് ആണ് ഗുർബാസിനെ പുറത്താക്കി ഈ കൂട്ടുകെട്ടിന് ബ്രേക്കിട്ടത്. 49 പന്തിൽ ഗുർബാസ് 60 റൺസെടുത്തു. നാല് ഫോറുകളും നാല് സിക്‌സറുകളും അടങ്ങിയതാണ് ഇന്നിംഗ്‌സ്. തൊട്ടടുത്ത ഓവറിൽ ഇബ്രാഹിം സാദ്രനെ സാംപയും പുറത്താക്കി. 48 പന്തിൽ 51 റൺസായിരുന്നു ഇബ്രാഹിം സാദ്രന്റെ സംഭാവന.
പിന്നീട് ക്രീസിലെത്തിയ കരിം ജനാദ് 13 റൺസും മൊഹമ്മദ് നാബി 10 റൺസുമെടുത്തു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാൻ 20 ഓവറിൽ 148 റൺസെടുത്തത്. പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റുകളും ആദം സാമ്പ രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് പക്ഷെ തുടക്കത്തിലേ പിഴച്ചു. ഓപ്പണർമാരായ ട്രാവിസ് ഹെഡ്ഡും ഡേവിഡ് വാർണറും തുടക്കത്തിലേ പുറത്തായി. ട്രാവിസ് ഹെഡ്ഡ് സംപൂജ്യനായി മടങ്ങിയപ്പോൾ മൂന്ന് റൺസ് മാത്രമായിരുന്നു ഡേവിഡ് വാർണറുടെ സംഭാവന. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ഗ്ലെൻ മാക്‌സ് വെല്ലും മിച്ചൽ മാർഷും വമ്പൻ അടിയുടെ സൂചന നൽകിയെങ്കിലും മിച്ചൽ 9പന്തിൽ 12 റൺസെടുത്ത് വൈകാതെ പുറത്തായി.
മാക്‌സ് വെല്ലിന്റെ ഒറ്റയാൾ പോരാട്ടമാണ് ഓസീസിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 41 പന്തിൽ നിന്ന് മാക്‌സ് വെൽ 59 റൺസെടുത്തു. നാല് ഫോറുകളും മൂന്ന് സിക്‌സറുകളും പറത്തിയ മാക്‌സ് വെൽ ഓസീസിന് വിജയപ്രതീക്ഷ പകർന്നെങ്കിലും കട്ടസപ്പോർട്ടിന് ആരും എത്തിയില്ല. മാർക്കസ് സ്‌റ്റോയിനിസ് 11 റൺസ് കൂടി നേടിയതൊഴിച്ചാൽ മധ്യനിരയും വാലറ്റവുമൊക്കെ ചീട്ടുകൊട്ടാരം പോലെ ഒറ്റഅക്കത്തിന് തകർന്നടിഞ്ഞു. ഒടുവിൽ 19.2 ഓവറിൽ 127 റൺസിന് ഓസീസിന്റെ മറുപടി അവസാനിച്ചു.
ഇന്ത്യയുമായുളള ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 47 റൺസിന് പരാജയപ്പെട്ടിരുന്നു. ഇനി സൂപ്പർ എട്ടിൽ ചൊവ്വാഴ്ച ബംഗ്ലാദേശുമായിട്ടാണ് അഫ്ഗാന് മത്സരമുളളത്.
2023 ഏകദിന ലോകകപ്പിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനെ തോൽപിച്ചാണ് ഓസ്‌ട്രേലിയ സെമിയിൽ കടന്നത്. അഫ്ഗാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയ ഒരു ഘട്ടത്തിൽ പരാജയത്തിന്റെ വക്കിലായിരുന്നു. പക്ഷെ മാക്‌സ് വെല്ലിന്റെ ഇരട്ട സെഞ്ചുറിയാണ് (128 പന്തിൽ 201 റൺസ് ) അന്ന് ഓസീസിനെ രക്ഷിച്ചത്. ആ തോൽവിക്ക് അഫ്ഗാന്റെ മധുര പ്രതികാരം കൂടിയാണ് ഇന്നത്തെ വിജയം.