ചില സിനിമാ രംഗങ്ങളും അതിലെ കഥാപാത്രങ്ങളും എത്ര കാലം കഴിഞ്ഞാലും നമ്മൾ ഓർത്തിരിക്കും. മനസ്സിൽ ചില കഥാപാത്രങ്ങൾ കയറിക്കൂടാൻ അത് സൂപ്പർ സ്റ്റാറുകൾ തന്നെ ചെയ്യണമെന്നില്ല. അത്തരത്തിൽ, ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടനാണ് എബ്രഹാം കോശി. റൺവേ, പ്രജ തുടങ്ങിയ സിനിമകളിൽ ചെറിയ സീനുകൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും അതിലെ കഥാപാത്രം മലയാളികൾക്ക് മറക്കാൻ കഴിയില്ല. പ്രജയിൽ നടൻ ബാബുരാജും ഒത്തുള്ള ഒരു രംഗത്തെ പറ്റി ഓർക്കുകയാണ് താരം. ബാബുരാജ് ഡയലോഗ് മറന്നുപോയതും അതിന്റെ ഭാഗമായി തനിക്കുണ്ടായ വേദനയും, അവസാനം സംവിധായകൻ ജോഷി പാക്കപ്പ് പറഞ്ഞതും എബ്രഹാം കോശി ഓർത്തെടുക്കുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പ്രജ എന്ന സിനിമയിൽ റെയ്ഡ് നടത്തിയ ശേഷം ബാബുരാജും ഞാനും തമ്മിലുള്ള ഒരു കോമ്പിനേഷൻ സീനുണ്ട്. എന്റെ ഒരു ഡയലോഗ് ഉണ്ട്. ‘സർ, സക്കീർ ഹുസൈനോട് പറഞ്ഞിട്ട് പോരെ ഈ റെയ്ഡ്’ എന്നതാണ് എന്റെ ഡയലോഗ്. ആ സമയം ഇയാളെന്റെ തോളത്തടിച്ചിട്ട്, ‘സക്കീർ ഹുസൈനാണോ നിന്റെ അമ്മയ്‌ക്ക് ചെലവിന് തരുന്നത്’ എന്നുള്ള ഒരു ചോദ്യവും നീളൻ ഡയലോഗും പറയണം. വലിയ ഡയലോഗ് പുള്ളി തന്നെ പറയണം. എന്നാൽ ഓരോ തവണ വന്നിട്ടും അയാളുടെ മന്തൻ കൈകൊണ്ട് ഒറ്റ അടിയാ എന്റെ തോളത്ത്. എനിക്ക് വേദനിച്ചിട്ട് വയ്യ. ഇടി കിട്ടുന്നതിന് തുല്യമാണ്. പുള്ളി ആവേശത്തിന്റെ പുറത്ത് ചെയ്യുന്നതായിരിക്കാം. ഞങ്ങൾ തമ്മിൽ യാതൊരു ശത്രുതയും ഇല്ല, മനപ്പൂർവമല്ല ചെയ്യുന്നതെന്നും അറിയാം”.
“12-13 ടേക്ക് എടുത്തു കഴിഞ്ഞപ്പോൾ ജോഷി സാറിന് കാര്യം പിടികിട്ടി. സാർ വന്ന് എന്റെ തോള് തിരുമി തന്നു. നല്ലൊരു മനുഷ്യൻ. അദ്ദേഹത്തിന് വേദന മനസ്സിലായി, ബാബുരാജിന് മനസ്സിലായില്ല. 14 ഓളം ടേക്ക് പോയി കഴിഞ്ഞപ്പോൾ ജോഷി സർ പറഞ്ഞു, ‘അയാൾക്ക് സ്ക്രിപ്റ്റിന്റെ കോപ്പി കൊടുത്തുവിട്. സീൻ നാളെ എടുക്കാം’ എന്ന്. അങ്ങനെ പാക്കപ്പ് ചെയ്തു”-















