തൊണ്ണൂറുകാരിയായ ആരാധികയെ ചേർത്തു പിടിച്ച് നടക്കുന്ന മോഹൻലാലിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രസകരമായ സംഭവം. ഇടുക്കി തൊടുപുഴ സ്വദേശിയായ ഏലിക്കുട്ടിയാണ് മോഹൻലാലിനൊപ്പമുള്ള വയോധിക.
മോഹൻലാലിന്റെ കടുത്ത ആരാധികയാണ് ഏലിക്കുട്ടി. മോഹൻലാലിനെ നേരിട്ട് കാണണമെന്നുള്ളത് ഏലിക്കുട്ടിയുടെ വർഷങ്ങളായിട്ടുള്ള ആഗ്രഹമായിരുന്നു. സിനിമയിൽ മാത്രം കാണുന്ന മോഹൻലാലിനെ നേരിട്ട് കാണാൻ ആഗ്രഹമുണ്ടെന്ന് ഏലിക്കുട്ടി കൊച്ചുമക്കളോട് അടക്കം പറഞ്ഞിട്ടുണ്ട്. തരുൺമൂർത്തിയുടെ സിനിമയുടെ പൂജയുടെ അന്നാണ് ഏലിക്കുട്ടിക്ക് ആ സൗഭാഗ്യം ലഭിച്ചത്.
ചിത്രത്തിന്റെ പൂജാ ദിവസത്തിന്റെ അന്ന് ഇതേ അമ്മയോട് കാറിൽ കയറുന്നതിനിടെ പോരുന്നോ എന്റെ കൂടെ എന്ന് സൂപ്പർതാരം ചോദിക്കുന്ന വീഡിയോ നേരത്തേ ശ്രദ്ധേയമായിരുന്നു. ഇന്ന് അതേ ഏലിക്കുട്ടി അമ്മയോടൊപ്പം ഒരു കുടക്കീഴൽ നടന്നു നീങ്ങുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
ഷൂട്ടിംഗ് കഴിഞ്ഞ് പോകുവാണോ എന്ന ഏലിക്കുട്ടി അമ്മയുടെ ചോദ്യത്തിന്, ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതിയായോ എന്നാണ് മോഹൻലാൽ തിരിച്ച് ചോദിക്കുന്നത്. ഇത്രയും നല്ല സ്ഥലത്തുവന്നിട്ട് പെട്ടന്ന് തിരിച്ചുപോകുന്നതെങ്ങനെയാണെന്നും വീട് എവിടെയാണെന്നുമൊക്കെ മോഹൻലാൽ ചോദിക്കുമ്പോൾ, അടുത്ത് തന്നെയാണ് വീടെന്നും വീട്ടിലേക്കു വന്നാൽ താറാവ് കറി ഉണ്ടാക്കി തരാമെന്നുമാണ് അമ്മ പറയുന്നത്. അമ്മയെ വീണ്ടും കാണാമെന്നും ഷൂട്ടിംഗ് ഒന്നു രണ്ടു ദിവസം കൂടെ ഉണ്ടാകുമെന്ന് പറഞ്ഞാണ് മോഹൻലാൽ മടങ്ങുന്നത്. വീട്ടിലേക്ക് വരാമെന്ന് പറഞ്ഞ മോഹൻലാലിനെയും കാത്തിരിക്കുകയാണ് ഏലിക്കുട്ടിയമ്മ.