ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ തമിഴ്‌നാട്ടിലെ തഞ്ചാവൂർ സ്വദേശി അറസ്റ്റിൽ. മുംബൈയിലേക്കുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് യുവാവ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്.
27 കാരനായ വി പ്രസന്നയെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിലെ സൈബർ ക്രൈം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജൂൺ 18 നാണ് എയർലൈൻസിന്റെ കസ്റ്റമർ സർവീസ് സെന്ററിലേക്ക് ഇയാൾ ഭീഷണി സന്ദേശമയച്ചത്. ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് പോകുന്ന വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. അന്നേദിവസം തന്നെ രാജ്യത്തെ 41 വിമാനത്താവളങ്ങളിൽ ഇത്തരത്തിലുള്ള വ്യാജ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് അഞ്ച് വർഷത്തെ വിമാനയാത്ര വിലക്ക് ഏർപ്പെടുത്തുമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചിരുന്നു. സൈബർ ക്രൈം വിഭാഗത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രസന്നയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു.















