റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഐഇഡി ആക്രമണമുണ്ടാവുകയായിരുന്നു. കുഴിബോംബായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് ആക്രമണം നടന്നത്. ജഗർ ഗുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വീരമൃത്യു വരിച്ചവരിൽ മലയാളിയുമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം പാലോട് സ്വദേശിയും 35-കാരനുമായ വിഷ്ണു ആർ ആണ് വീരമൃത്യു വരിച്ചരിൽ ഒരാളെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. വീരമൃത്യു വരിച്ച രണ്ടാമത്തെ ജവാൻ യുപി സ്വദേശിയാണ്. കാൺപൂരിൽ നിന്നുള്ള 29-കാരൻ ശൈലേന്ദ്രയാണ് വീരമൃത്യു വരിച്ചത്. ഇരുവരും CoBRA 201 ബറ്റാലിയനിലെ ജവാന്മാരായിരുന്നു. സംഭവസ്ഥലത്ത് പരിശോധന ആരംഭിച്ചതായും അധികൃതർ അറിയിച്ചു.