ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മധുരമേറിയ ബന്ധത്തിന് ത്രിപുരയിൽ നിന്നും ബംഗ്ലാദേശ് പ്രധാനമന്ത്രിക്കൊരു സമ്മാനം. ത്രിപുരയിൽ ഗുണമേന്മയ്‌ക്കും മധുരത്തിനും പേരുകേട്ട പൈനാപ്പിളുകളാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് സ്‌നേഹസമ്മാനമായി ലഭിച്ചത്. പൈനാപ്പിളുകൾ കൊടുത്തയച്ചതാകട്ടെ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയും. ഊഷ്മളമായ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെ ഈ പൈനാപ്പിളുകൾ പ്രതിനിധാനം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറയുന്നു.
” ത്രിപുരയെ സംബന്ധിച്ചിടത്തോളം ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഗുണത്തിനും മധുരത്തിനും പേരുകേട്ട നമ്മുടെ നാട്ടിൽ വിളയിക്കുന്ന കൈതച്ചക്കകൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് മുഖ്യമന്ത്രി മാണിക് സാഹ, ബംഗ്ലാദേശ് സ്നേഹ സമ്മാനമായി കൊടുത്തയച്ചു. അഖൗറ ചെക്ക് പോസ്റ്റിൽ നിന്നും സുഗമമായി ബംഗ്ലാദേശിലേക്ക് ചരക്ക് വാഹനങ്ങൾ കടക്കുമ്പോൾ ഇരു രാജ്യങ്ങൾക്കിടലുള്ള ഊഷ്മള ബന്ധം അടിവരയിടുന്നു.”- മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം എല്ലായിപ്പോഴും ദൃഢതയേറിയതാണ്. ഇരുരാജ്യങ്ങൾക്കിടയിലുള്ള സഹകരണവും സൗഹൃദവും വരും വർഷങ്ങളിലും നിലനിൽക്കും. ബംഗ്ലാദേശും ത്രിപുരയും തമ്മിലുള്ള അഖണ്ഡതയും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്നതാണ് ഈ സ്‌നേഹസമ്മാനമെന്നും ഹോർട്ടികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ദീപക് ബദ്യ പറഞ്ഞു.
എൻഡിഎ സർക്കാർ മൂന്നാമതും അധികാരത്തിലേറിയതിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യത്തെ അതിഥിയായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ദ്വിദിന ദർശനത്തിനെത്തിയ അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്.