മുംബൈ: സ്നാപ്ചാറ്റ് ഡൗൺലോഡ് ചെയ്യരുതെന്ന് നിർദേശിച്ചതിനെ തുടർന്ന് പ്രകോപിതയായ 16-കാരി ജീവനൊടുക്കി. മഹാരാഷ്‌ട്രയിലെ താനെയിലാണ് സംഭവം. പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ മെസേജിംഗ് ആപ്ലിക്കേഷനായ സ്നാപ് ചാറ്റ് ഡൗൺലോഡ് ചെയ്തിരുന്നു. ഇതുകണ്ട പിതാവ് ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ഇനി ഡൗൺലോഡ് ചെയ്യരുതെന്ന് നിർദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി അയച്ചതായും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മൻപദ പൊലീസ് അറിയിച്ചു.















