ഏഴ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി സൊനാക്ഷി സിൻഹയും കാമുകൻ സഹീർ ഇക്ബാലും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. വിവാഹത്തോടെ സൊനാക്ഷി ഇസ്ലാം മതം സ്വീകരിക്കുമോ എന്ന ചോദ്യം സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നിരുന്നു.
ആരാധകരുടെ സംശയങ്ങൾക്കും ചോദ്യത്തിനും മറുപടി നൽകിയിരിക്കുകയാണ് സഹീർ ഇക്ബാലിന്റെ പിതാവ്. വിവാഹത്തിന് ശേഷം സൊനാക്ഷി മതം മാറില്ല എന്നാണ് സഹീറിന്റെ പിതാവ് ഇക്ബാൽ രത്തൻസി പറയുന്നത്.
‘വിവാഹശേഷം സൊനാക്ഷി മതം മാറില്ല. അത് ഉറപ്പായിട്ടുള്ള കാര്യമാണ്. വിവാഹം എന്നത് അവരുടെ ഹൃദയങ്ങൾ ഒന്നു ചേരുന്നതാണ്. അവിടെ മതത്തിന് ഒരു പങ്കുമില്ല. ഞാൻ മനുഷ്യത്വത്തിലാണ് വിശ്വസിക്കുന്നത്. ഹിന്ദുക്കൾ ദൈവത്തെ ഭഗവാനെന്നും മുസ്ലീങ്ങൾ അള്ളാഹു എന്നും വിളിക്കുന്നു. പക്ഷെ, അവസാന ദിവസം നമ്മൾ എല്ലാവരും മനുഷ്യരാണ്. എന്റെ എല്ലാവിധ അനുഗ്രഹങ്ങളും സഹീറിനും സൊനാക്ഷിക്കുമൊപ്പമുണ്ട്.’- ഇക്ബാൽ രത്തൻസി പറഞ്ഞു.
സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷമുള്ള ചിത്രങ്ങൾ സൊനാക്ഷി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വിദ്വേഷങ്ങളും വിമർശനങ്ങളും നിറഞ്ഞ നിരവധി കമന്റുകൾ നിറഞ്ഞു. ഇതോടെ സൊനാക്ഷി കമന്റ് ബോക്സ് ഓഫാക്കുകയും ചെയ്തു. സിനിമാ മേഖലയിൽ നിന്നും നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിച്ചിരുന്നു.