ആകാശത്ത് നിന്നൊരു ‘അമ്മിക്കുഴ’ വീണു; പതിച്ചത് വീടിന് മുകളിൽ; നാസയോട് 67 ലക്ഷം രൂപ നഷ്ടപരിഹാരം തേടി കുടുംബം

Published by
Janam Web Desk

ഫ്ലോറിഡ: ആകാശത്ത് നിന്ന് വീണ ”വസ്തു’ വീടിന് നാശനഷ്ടം വരുത്തിയ സംഭവത്തിൽ നാസയോട് നഷ്ടപരിഹാരം തേടി ഫ്ലോറിഡയിലെ ഒരു കുടുംബം. ബിഹാരാകാശത്ത് നിന്ന് വീണ അവശിഷ്ടങ്ങൾ നാസയുടേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ നീക്കം. $80,000 (67 ലക്ഷം രൂപ) നഷ്ടപരിഹാരമായി നൽക​ണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തിൽ നിയമപരമായ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് അലജാൻണ്ട്രോയും കുടുംബവും. മെറ്റലിക് വസ്തു നാസയുടേത് തന്നെയാണെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

അന്താരാഷ്‌ട്ര ബഹിരാകാശ സ്റ്റേഷനിൽ നിന്നും 2021ൽ പുറത്തുവിട്ട കാർഗോ പല്ലറ്റിൽ നിന്നുള്ള മെറ്റലിക് സിലിണ്ടർ സ്ലാബാണ് ഫ്ലോറിഡയിലെ ഒരു വീടിന് മുകളിൽ പതിച്ചത്. കഴിഞ്ഞ മാർച്ച് എട്ടിനായിരുന്നു സംഭവം. ആകാശത്ത് നിന്നുവീണ സിലിണ്ടർ സ്ലാബ് വീടുതുരന്ന് അകത്ത് പതിക്കുകയായിരുന്നു. തൽഫലമായി വീടനകത്തും വലിയ ​ഗർത്തം ഉണ്ടായി. തൊട്ടടുത്തായിരുന്നു അലജാൻണ്ട്രോയുടെ മകൻ ഇരുന്നിരുന്നത്. ഭാ​ഗ്യവശാൽ മാത്രമാണ് ആളപായം സംഭവിക്കാതിരുന്നതെന്നും കുടുംബം ചൂണ്ടിക്കാട്ടി. ഒറ്റനോട്ടത്തിൽ ‘അമ്മിക്കുഴ’യാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഭാരമേറിയ വസ്തുവാണ് വീടിന് മുകളിൽ പതിച്ചത്. കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട് ആറ് മാസത്തിനകം മറുപടി നൽകണമെന്നാണ് നാസയ്‌ക്ക് ലഭിച്ചിരിക്കുന്ന നിർദേശം.

Share
Leave a Comment