ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരം ഗ്രാമത്തിൽ വിഷ മദ്യം കുടിച്ച് അമ്പതിലധികം പേർ മരിച്ച ദുരന്തത്തെക്കുറിച്ച് സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം തമിഴ്‍ നാട് ഗവർണറെ കണ്ടു.
57 പേര് മരണമടഞ്ഞ ദുരന്തത്തിൽ, കള്ളക്കുറിച്ചി , സേലം, വില്ലുപുരം, പുതുച്ചേരി ജിപ്മെർ എന്നീ ആശുപത്രികളിലായി നൂറിലധികം പേർ ഇപ്പോഴുംചികിത്സയിലാണ്. ചിലർ ഗുരുതരാവസ്ഥയിലായതിനാൽ മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.
ഈ സാഹചര്യത്തിലാണ് ബിജെപി അധ്യക്ഷൻ അണ്ണാമലൈ, മുതിർന്ന നേതാവ് തമിഴിസൈ സൗന്ദരരാജൻ, പാർട്ടി ഭാരവാഹികൾ എന്നിവർ ഗവർണർ ആർഎൻ രവിയെ കണ്ട് ചർച്ച നടത്തിയത്. ഈ യോഗത്തിൽ വിഷംമദ്യം മൂലമുള്ള ദുരന്തത്തിന്റെ യദാർത്ഥ ചിത്രം ഗവർണറെ അറിയിച്ചു . ഈ സംഭവത്തിൽ ഡിഎംകെയുടെ ഇടപെടലിനെക്കുറിച്ചുള്ള റിപ്പോർട്ടും അവർ ഗവർണർക്ക് സമർപ്പിച്ചു. വിഷ മദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്നും അണ്ണാമലൈ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
“തമിഴ്‌നാട്ടിൽ കഴിഞ്ഞ 3 വർഷമായി കഞ്ചാവും മദ്യവും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വർധിച്ചുവരുന്ന പ്രചാരം ഡിഎംകെ സർക്കാർ കണ്ടില്ലെന്നത് വലിയ സംശയത്തിനിടയാക്കിയിട്ടുണ്ട്. ഡിഎംകെ സർക്കാരിന്റെ ഈ വീണ്ടുവിചാരമില്ലായ്‌മ മൂലം കള്ളക്കുറിച്ചിയിൽ 60 പേരുടെ ജീവനാണ് നമുക്ക് നഷ്ടമായത്. ഈ വിഷ മദ്യവിൽപ്പനയ്‌ക്ക് പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് തമിഴ്‌നാട്ടിലെ മുതിർന്ന ബിജെപി നേതാക്കൾക്കൊപ്പം ഇന്ന് ഗവർണർ ആർഎൻ രവിയെ കണ്ടത്.
ഇത്രയധികം ജീവനുകൾ പൊലിഞ്ഞിട്ടും ഉത്തരവാദിയായ മദ്യനിരോധന മന്ത്രിക്കെതിരെ നടപടിയെടുക്കാതെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിലപാട് പൊതുജനങ്ങൾക്കിടയിൽ നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. മദ്യനിരോധന മന്ത്രിയെ പിരിച്ചുവിടാൻ മുഖ്യമന്ത്രിയോട് അടിയന്തരമായി ആവശ്യപ്പെടണമെന്നും ഞങ്ങൾ ഗവർണറോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ”
ഗിണ്ടി ഗവർണേഴ്‌സ് ഹൗസിൽ ഗവർണറെ കണ്ടശേഷം കെ അണ്ണാമലൈ മാദ്ധ്യമങ്ങളോട് പറഞ്ഞു.















