ഇടുക്കി: അടിമാലി- കോതമംഗലം ദേശീയപാതയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം കടപുഴകി വീണ് ഒരാൾക്ക് ദാരുണാന്ത്യം. രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയത്തും റോഡരികിൽ ചാഞ്ഞു നിന്നിരുന്ന മരം കടപുഴകി വീഴുകയായിരുന്നു.
ഇന്ന് ഉച്ചയോടെ കോതമംഗലത്തിനടുത്ത് വില്ലാൻചിറയിലാണ് അപകടം നടന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാർ പൂർണമായും തകർന്ന നിലയിലാണ്. മരത്തിന്റെ അടിഭാഗമായിരുന്നു കാറിലേക്ക് പതിച്ചത്. ശിഖിരങ്ങളാണ് കെഎസ്ആർടിസിയുടെ മുകളിലേക്ക് വീണത്.
ബസിന്റെ പിൻ സീറ്റിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായിയെന്ന് ആളുകൾ പറഞ്ഞു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി വരികയാണ്.