തിരുവനന്തപുരം: എംഎൽഎ കടകംപള്ളി സുരേന്ദ്രനും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും തമ്മിലുള്ള പോര് വീണ്ടും. നിയമസഭയിൽ മുഹമ്മദ് റിയാസിനെയും ടൂറിസം വകുപ്പിനെയും വിമർശിച്ച് കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ആക്കുളം കായൽ പുനരുജ്ജീവന പദ്ധതിയെ ചൊല്ലിയാണ് കടകംപള്ളി നിയമസഭയിൽ ക്ഷുഭിതനായത്. പദ്ധതി നടപ്പാക്കാനുള്ള കരാറിൽ ഒപ്പിടാതെ ടൂറിസം വകുപ്പ് നീട്ടി കൊണ്ടുപോകുന്നുവെന്ന് കടകംപള്ളി പറഞ്ഞു. ഇതിന് പിന്നിൽ നിക്ഷിപ്ത താൽപര്യമാണെന്നും കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു.
225 ഏക്കറിലെ ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കാൻ 185 കോടിയാണ് വകയിരുത്തിയത്. 96.13 കോടി രൂപ ചെലവഴിച്ച് ആദ്യഘട്ടം പൂർത്തിയാക്കാൻ കരാറുകാരനുമെത്തി. പക്ഷെ കരാറിൽ ഒപ്പിട്ട് തുടർ നടപടികൾ ഉറപ്പാക്കാൻ നടത്തിപ്പ് ഏജൻസിയോ ടൂറിസം വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് സ്ഥലം എംഎൽഎ കൂടിയായ കടകംപള്ളിയുടെ വിമർശനം.
സ്വകാര്യ കൺസൾട്ടൻസിയെ ഏൽപ്പിച്ച് പദ്ധതി അട്ടിമറിക്കാൻ നീക്കമുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പോലും ടൂറിസം വകുപ്പ് മുഖവിലയ്‌ക്ക് എടുക്കുന്നില്ലെന്ന വിമർശനവും എംഎൽഎ ഉയർത്തി. കിഫ്ബി റിപ്പോർട്ട് പ്രകാരം മുന്നോട്ട് പോകുമെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം. നേരത്തെ മുഹമ്മദ് റിയാസിന് കീഴിലെ പൊതുമരാമത്ത് വകുപ്പിനെയും കടകംപള്ളി വിമർശിച്ചിരുന്നു.