മംഗഫ്; കുവൈറ്റിലെ മംഗഫിൽ എൻബിടിസി കമ്പനിയുടെ താമസ കേന്ദ്രത്തിലുണ്ടായ അഗ്‌നിബാധയിൽ മരണപ്പെട്ട ജീവനക്കാരിൽ തിരിച്ചറിയാതിരുന്ന ഒരു മൃതദേഹം ബീഹാർ ദർബംഗ സ്വദേശിയായ കലുക്ക (32) യുടേത്. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഡിഎൻഎ പരിശോധനയുടെ നടപടികൾക്ക് വേണ്ടി സഹോദരൻ ഷാരൂഖ് ഖാനെ കഴിഞ്ഞ ദിവസം എൻബിടിസി അധികൃതർ കുവൈത്തിലെത്തിച്ചിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി എൻബിടിസിയിൽ ജീവനക്കാരനായിരുന്നു കലുക്ക. നിലവിൽ എൻബിടിസി ഹൈവേ സെൻറ്ററിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് (തിങ്കളാഴ്ച) രാത്രിയോടെ നാട്ടിലേക്കയക്കുമെന്ന് എൻബിടിസി എച്ച് ആർ & അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു. എയർ ഇന്ത്യ വിമാനത്തിൽ മുംബൈ വഴി പട്‌നയിലേക്ക് മൃതദേഹം എത്തിക്കും. കലുക്കയുടെ സഹോദരനും ഇതേ വിമാനത്തിൽ മൃതദേഹത്തെ അനുഗമിക്കും. ഇതിനുളള സൗകര്യങ്ങളും ഏർപ്പെടുത്തിയതായി എൻബിടിസി അറിയിച്ചു.
അതോടൊപ്പം, മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്കുള്ള എൻബിടിസി അടിയന്തിര ധനസഹായമായ 8 ലക്ഷം രൂപ കലുക്കയുടെ കുടുംബത്തിന് നാളെ തന്നെ കൈമാറും. സംസാകാര ചടങ്ങുകൾക്കാവശ്യമായ തുകയും എൻബിടിസി കലുക്കയുടെ സഹോദരന് കൈമാറി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 3 പേരുൾപ്പെടെ 6 ജീവനക്കാരാണ് നിലവിൽ പരിക്കേറ്റ് ആശുപത്രിയിൽ ഉള്ളത്. 24 മലയാളികൾ ഉൾപ്പെടെ 49 പേരാണ് തീപിടിത്തത്തിൽ മരിച്ചത്.













