സെന്റ് ലൂസിയ സ്‌റ്റേഡിയത്തിൽ ബാറ്റർമാരുടെ സംഹാര താണ്ഡവത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് ഇന്ത്യ നേടിയത്. രോഹിത് ശർമ്മയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ടൂർണമെന്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണിത്. വേട്ടക്കാരന് മുന്നിൽപ്പെട്ട ഇരയുടെ അവസ്ഥയായിരുന്നു ഓസീസ് ബൗളർമാരുടേത്.
രോഹിത് ശർമ്മ, സൂര്യ കുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ഓസീസിന്റെ കരുത്തുറ്റ ബൗളിംഗ് നിരയെ തല്ലി തകർത്തത്. 4.5 ഓവറിൽ 50 കടന്ന ഇന്ത്യ 8.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 100 കടന്നു. മത്സരം നാല് ഓവർ പിന്നിട്ടപ്പോൾ മഴയെ തുടർന്ന് നിർത്തിവെച്ചിരുന്നു. മത്സരം പുനഃരാരംഭിച്ചതോടെ രോഹിത്ത് ക്രീസിൽ നിലയുറപ്പിച്ചു. പവർ പ്ലേയിൽ 1 വിക്കറ്റ് നഷ്ടത്തിൽ 60 റൺസായിരുന്നു സ്‌കോർ ബോർഡിൽ. ഓസീസ് ബൗളർമാരെ ഹിറ്റ്മാൻ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 41 പന്തിൽ നിന്ന് 92 റൺസെടുത്ത ഹിറ്റ്മാന്റെ ഇന്നിംഗ്‌സിൽ 8 സിക്‌സും 7 ഫോറും പിറന്നു. വിരാട് കോലി (0), ഋഷഭ് പന്ത് (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് തുടക്കത്തിലെ നഷ്ടമായത്.
ഈ ലോകകപ്പിലെ അതിവേഗ അർദ്ധ ശതകമാണ് രോഹിത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 19 പന്തിലാണ് 50 കടന്നത്. അന്താരാഷ്‌ട്ര ടി20 മത്സരങ്ങളിൽ 200 സിക്‌സറുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. രോഹിത് തല്ലി ഇല്ലാതാക്കിയ മിച്ചൽ സ്റ്റാർക്കാണ് താരത്തെ പുറത്താക്കിയത്. 13-ാം ഓവറിൽ ശിവം ദുബെ- സൂര്യകുമാർ യാദവ് സഖ്യം സ്‌കോർ 150 കടത്തി. പിന്നാലെ സൂര്യകുമാർ യാദവ് മടങ്ങി. 3 ഫോറും 2 സിക്‌സും ഉൾപ്പെടെ 31 റൺസാണ് താരം സ്വന്തമാക്കിയത്. ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് ദുബെ തകർത്തടിച്ചു. 35 റൺസ് പിറന്ന ഈ കൂട്ടുകെട്ട് ദുബെയെ(28) പുറത്താക്കി തകർത്തത് സ്റ്റോയിനിസാണ്. ജഡേജയെ കൂട്ടുപിടിച്ചാണ് പാണ്ഡ്യ സ്‌കോർ ബോർഡ് 200 കടത്തിയത്.















