ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ മാത്രം നേടിയിട്ട് സ്വയം പുകഴ്‌ത്തൽ നടത്തുന്ന കോൺഗ്രസിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലുമായി കോൺഗ്രസ് നേടിയ സീറ്റുകൾ ഈ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ സീറ്റുകളുടെ എണ്ണത്തേക്കാൾ കുറവാണെന്ന് മനസിലാക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
” 99 സീറ്റുകൾ മാത്രം നേടിയിട്ട് അനാവശ്യമായ രീതിയിലുള്ള അവകാശവാദങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലുമായി കോൺഗ്രസ് നേടിയ മൊത്തം സീറ്റുകളുടെ എണ്ണം ബിജെപി ഇക്കുറി നേടിയ സീറ്റുകളുടെ എണ്ണത്തെക്കാൾ കുറവാണെന്ന് അവർ മനസിലാക്കണം. 2024ൽ 99 സീറ്റുകൾ നേടി, 2019ൽ 56ഉം 2014ൽ 42 സീറ്റുകളുമാണ് നേടിയത്. ഇതെല്ലാം കൂട്ടിയാൽ പോലും ബിജെപി ഇക്കുറി സ്വന്തമാക്കിയ 240 സീറ്റുകളിൽ താഴെയാണ് വരുന്നത്.
തുടർച്ചയായ മൂന്നാം വട്ടവും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു എന്നത് ചരിത്രപരമായ കാര്യം തന്നെയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഇനിയും ഉയരങ്ങളിലേക്ക് കുതിക്കും. ഇതിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തുന്നത്. ആഗോളതലത്തിൽ ഇന്ന് ഇന്ത്യയ്‌ക്കുള്ള സ്ഥാനം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ ലഭിച്ചതാണെന്നും” ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. മൂന്നാം എൻഡിഎ സർക്കാരിൽ കേന്ദ്ര വാർത്താവിനിമയ മന്ത്രിയാണ് അദ്ദേഹം.















