രഞ്ജിത്ത് ലാൽ സംവിധാനം ചെയ്ത് ടിനി ടോം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ‘മത്ത്. ഗംഭീര പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച വച്ചിരിക്കുന്നത്. സിനിമയിൽ ഒരു ഗാനവും താരം ആലപിച്ചിട്ടുണ്ട്. ഈ പാട്ടു പാടുമ്പോൾ തന്റെ മനസ്സിൽ നിറയെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെയും അവളുടെ അച്ഛന്റെയും മുഖം ആയിരുന്നുവെന്ന് ടിനി ടോം പറയുന്നു. ആത്മഹത്യയുടെ വക്കിൽ നിന്ന വന്ദനയുടെ കുടുംബത്തെ രക്ഷിച്ചത് സുരേഷ് ഗോപിയായിരുന്നുവെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടിനി ടോം വെളിപ്പെടുത്തി.
“മത്തിലെ ഗാനം ടിനി തന്നെ പാടിയാൽ നന്നായിരിക്കുമെന്ന് സംവിധായകൻ പറഞ്ഞു. ആ സമയത്ത് നിമിത്തം പോലെ ഡോ. വന്ദനാ ദാസിന്റെ വീട് സന്ദർശിക്കാൻ ഇടയായി. കൊല്ലപ്പെട്ട ഡോക്ടർ. അവിടെ ചെന്നപ്പോൾ അവളുടെ റൂമിലേക്ക് അച്ഛൻ കൊണ്ടുപോയി. അവളുടെ ലാപ്ടോപ്പ്, ഫോൺ, വാച്ച്, പേന. ഒരു മുറിയിൽ ആ മകളുടെ എല്ലാ സാധനങ്ങളും. അവളുടെ അദൃശ്യമായ ഒരു സാന്നിധ്യം എനിക്ക് ഫീൽ ചെയ്തു. ആ അച്ഛനൊക്കെ എന്നോ മരിച്ചുപോയി. ഈ മകൾ മരിച്ച കൂട്ടത്തിൽ അച്ഛനും മരിച്ചുപോയി”.
“വെറുതെ ജീവിക്കുകയാണ് വന്ദനയുടെ അച്ഛൻ. ഇവർ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. അവരെ രക്ഷിച്ചത് സുരേഷേട്ടനാണ്. പിന്നീട് അച്ഛനെ ഞാൻ കാണുന്നത് സുരേഷേട്ടന്റെ മകളുടെ കല്യാണത്തിന് ഒരു സൈഡിൽ ഇരിക്കുന്നതാണ്. ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കാണുന്ന മകളുടെ കല്യാണം നടത്താൻ കഴിയാതെ പോയ ഒരു അച്ഛന്റെ ഫീൽ ഉണ്ടല്ലോ. കണ്ണൊക്കെ നിറഞ്ഞൊഴുകുകയായിരുന്നു. ആ കാഴ്ച എന്നെ ഈ പാട്ടു പാടിയപ്പോൾ സ്വാധീനിച്ചു”- ടിനി ടോം പറഞ്ഞു.















