തിരുവനന്തപുരം: മലപ്പുറത്തിന്റെയും മലബാറിന്റെയും വികസനത്തിന് നിർണായക പങ്കുവഹിച്ചിട്ടുള്ളത് ഇടതുപക്ഷ സർക്കാരാണെന്ന് എ.എ റഹീം. കേരളത്തിൽ സർക്കാർ സ്കൂളുകൾ അവശേഷിക്കുന്നത് ഇടതുപക്ഷം ഉള്ളതിനാലാണെന്നും റഹീം അവകാശപ്പെട്ടു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതികരിക്കുകയായിരുന്നു സിപിഎം നേതാവ്.
“മലബാറിന്റെ വികസനത്തിനും മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്കും മലപ്പുറത്തിനും നിർണായകമായ സംഭാവന ചെയ്തിട്ടുള്ളത് ഇടതുപക്ഷ സർക്കാരാണ്. യുഡിഎഫ് ആണ് കേരളം ഭരിച്ചിരുന്നതെങ്കിൽ, മലപ്പുറത്ത് ഉൾപ്പെടെ കേരളത്തിൽ ഒരിടത്തും ഒരു സർക്കാർ സ്കൂളും അവശേഷിക്കില്ലായിരുന്നു. എല്ലാ സ്കൂളും അവർ അടച്ചുപൂട്ടിയേനെ”.
“എൽഡിഎഫ് അധികാരത്തിൽ വന്നതുകൊണ്ടാണ് സർക്കാർ സ്കൂളുകൾ നിലനിൽക്കുന്നത്. മലബാറിന് വേണ്ടി ആത്മാർത്ഥമായ ഇടപെടലുകൾ നടത്തിയിട്ടുള്ളത് ഇടതുപക്ഷ സർക്കാരാണ്. യാഥാർത്ഥ്യം ജനങ്ങൾ മനസ്സിലാക്കണം”- എ.എ റഹീം മാധ്യമങ്ങളോട് പറഞ്ഞു.















