പാലക്കാട്: പന്നിയങ്കരയിൽ ജൂലൈ ഒന്നുമുതൽ പ്രദേശവാസികളും ടോൾ നൽകണമെന്ന കമ്പനിയുടെ നിർദേശത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ടോൾ പ്ലാസയ്‌ക്ക് സമീപമുള്ള ആറ് പഞ്ചായത്തുകളിലെ പ്രദേശവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജൂലൈ ഒന്ന് മുതൽ പ്രദേശവാസികൾക്ക് അനുവദിച്ച് വരുന്ന സൗജന്യം അവസാനിപ്പിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇതിനെതിരെ ജനകീയ കൂട്ടായ്മ, കേരള വ്യാപാരി സംരക്ഷണ സമിതി, സ്‌കൂൾ ബസ് ഉടമ അസോസിയേഷൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ രംഗത്തെത്തി.
കമ്പനിയുടെ നിർദേശം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ജനകീയ സമരവേദി ചെയർമാൻ പറഞ്ഞു. പ്രദേശവാസികൾക്ക് ടോൾ ഏർപ്പെടുത്തിയാൽ സമരവുമായി മുന്നോട്ടു പോകുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.