ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. 32 പേർ കള്ളക്കുറിച്ചി ഗവൺമെന്റ് മെഡിക്കൽ കോളേജിലും 20 പേർ സേലം മോഹൻ കുമാരമംഗലം മെഡിക്കൽ കോളേജിലും 4 പേർ വില്ലുപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലും 3 പേർ പുതുച്ചേരി ആശുപത്രിയിലുമാണ് മരിച്ചത്. 223 പേരാണ് വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിൽ കഴിയുന്നത്. ഇതിൽ കള്ളക്കുറിച്ചി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മാത്രം 111 പേരാണ് ചികിത്സ തേടുന്നത്.
ദുരന്തം തമിഴ്‌നാട് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ച്ചയാണെന്ന് ആരോപിച്ച മുഖ്യ പ്രതിപക്ഷമായ എ ഐഎഡിഎംകെ ചൊവ്വാഴ്ച സഭയിൽ ബഹളമുണ്ടാക്കി. കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാര്‍ഡുമായാണ് കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ നിരസിച്ചതിനെ തുടർന്നായിരുന്നു ബഹളം. തുടർന്ന് സ്പീക്കർ എം അപ്പാവുവിന്റെ നിർദ്ദേശപ്രകാരം വാച്ച് ആൻഡ് വാർഡ് ജീവനക്കാർ പ്രതിപക്ഷത്തെ സഭയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
കേസിൽ പല ഉന്നത നേതാക്കൾക്കും പങ്കുണ്ടെന്നും അതുകൊണ്ടാണ് സർക്കാർ സി ബി ഐ അന്വേഷണം വേണ്ടെന്നു വയ്‌ക്കുന്നതുമെന്ന് പ്രതിപക്ഷം ആരോപിച്ചു. “ദുരിത ബാധിതരായ രോഗികളെ ചികിത്സിക്കാൻ സംസ്‌ഥാനത്ത് വേണ്ടത്ര മരുന്നില്ല. ക്രമസമാധാനം നിലനിർത്തുന്നതിലും സർക്കാർ പൂർണ്ണ പരാജയമാണെന്നും അതുകൊണ്ട് മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും പ്രതിപക്ഷം ആരോപണമുന്നയിച്ചു.
എന്നാൽ ആരോപണങ്ങൾ തള്ളിയ ഡിഎംകെ സർക്കാർ, ദുരന്തത്തെ രാഷ്‌ട്രീയവത്കരിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് വാദിച്ചു. മദ്യദുരന്തം സംസ്ഥാന സ്പോൺസേർഡ് കൊലപാതകമാണെന്ന് ബിജെപി ദേശീയ നേതൃത്വവും വിമർശനമുന്നയിച്ചിരുന്നു. വിഷയത്തിൽ കോൺഗ്രസ് തുടരുന്ന മൗനത്തെയും ബിജെപി കുറ്റപ്പെടുത്തി. ദുരന്തത്തിൽ ഇരകളായ കുടുംബങ്ങളെ സന്ദർശിച്ച് ആശ്വസിപ്പിക്കാനെങ്കിലും പ്രിയങ്കയും രാഹുലും തയ്യാറാകണമെന്നായിരുന്നു ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ കോൺഗ്രസിനോട് ആവശ്യപ്പെട്ടത്.















