ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ വിചാരണക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് സുധീർ കുമാറിന്റെ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്. ഇഡി സമർപ്പിച്ച വസ്തുതകൾ വേണ്ടവിധം പരിശോധിക്കാതെയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ കെജ്‌രിവാളിന് കഴിഞ്ഞ 20നായിരുന്നു വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. ഇഡിയുടെ വാദങ്ങൾ വിശദമായി പരിശോധിക്കാതെയാണ് വിചാരണക്കോടതിയായ റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചതെന്ന് വ്യക്തമാക്കിയ അന്വേഷണ ഏജൻസി, ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദം പൂർത്തിയാകുന്നതുവരെ ജാമ്യത്തിന് താത്കാലിക സ്റ്റേ അനുവദിച്ച ഹൈക്കോടതി ഇന്നാണ് വിധി പ്രഖ്യാപിച്ചത്. ഇതിനിടെ സുപ്രീംകോടതിയെ സമീപിച്ച് ജയിൽ മോചിതനാകാൻ കെജ്‌രിവാൾ ശ്രമം നടത്തിയിരുന്നെങ്കിലും വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്ന് സുപ്രീം കോടതിയും നിലപാടറിയിച്ചു. ഒടുവിൽ ഹൈക്കോടതിയുടെ വിധി കെജ്‌രിവാളിന് തിരിച്ചടിയാവുകയായിരുന്നു,