അമരാവതി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാർട്ടി അധ്യക്ഷനുമായ പവൻ കല്യാൺ ഇന്ന് (ജൂൺ 25 ചൊവ്വാഴ്ച ) രാവിലെ മുതൽ “വരാഹി അമ്മവാരി ദീക്ഷ” ഏറ്റെടുത്തു. ഇന്ന് രാവിലെ ക്യാമ്പ് ഓഫീസിൽ ദീക്ഷാ വസ്ത്രത്തിലാണ് അദ്ദേഹത്തെ കണ്ടത്. 11 ദിവസം അദ്ദേഹം ഈ ദീക്ഷാ വ്രത പാതയിൽ ചരിക്കും. വരാഹി അമ്മവാരി ദീക്ഷ സമയത്ത്, അദ്ദേഹം ദ്രവരൂപത്തിലുള്ള സത്വഗുണപ്രധാനമായ ഭക്ഷണങ്ങൾ മാത്രമേ കഴിക്കൂ.
ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞ വർഷം ജൂണിൽ പവൻ കല്യാൺ സംസ്ഥാന തലത്തിൽ നടത്തിയ യാത്രക്ക് “വരാഹി വിജയ യാത്ര” എന്നായിരുന്നു പേര്. അദ്ദേഹം ആ യാത്ര നടത്താൻ ഉപയോഗിച്ച വാഹനത്തിന് വരാഹി എന്നായിരുന്നു പേര് നൽകിയത്. ആ യാത്രാ സമയത്തും അദ്ദേഹം വരാഹി ദേവിക്ക് പൂജ നടത്തി ദീക്ഷ സ്വീകരിച്ചിരുന്നു.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ പവന്റെ തകർപ്പൻ വിജയത്തിൽ വാരാഹി വിജയ യാത്ര നിർണായക പങ്ക് വഹിച്ചു.
തെലുങ്കുദേശം പാർട്ടിയുമായും ഭാരതീയ ജനതാ പാർട്ടിയുമായും ഉണ്ടാക്കിയ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച അദ്ദേഹത്തിന്റെ പാർട്ടി 21 നിയമസഭ സീറ്റിലും രണ്ട് ലോക്‌സഭാ സീറ്റുകളിലും വിജയിച്ചു. ജനസേന മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും വിജയിക്കുകയും നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ 100% വിജയം നേടുകയും ചെയ്തു.
സർക്കാർ രൂപീകരിച്ചതിന് ശേഷം പവൻ കല്യാൺ പഞ്ചായത്ത് രാജ്, ഗ്രാമവികസനം, ഗ്രാമീണ ജലവിതരണം, പരിസ്ഥിതി, വനം, ശാസ്ത്രം, സാങ്കേതിക വിദ്യ എന്നിവയുടെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയായി.