വിമാനം പറക്കുന്നതിനിടെ പെട്ടെന്ന് 25,000 അടി താഴ്ന്നതോടെ യാത്രക്കാർക്ക് പരിക്ക്. സിയോളിലെ ഇൻചിയോൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന കൊറിയൻ എയർ ഫ്ലൈറ്റ് KE189ൽ സഞ്ചരിച്ച യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. പ്രഷറൈസേഷൻ സംവിധാനത്തിൽ തകരാർ സംഭവിച്ചതോടെയായിരുന്നു വിമാനം താഴ്ന്നതെന്ന് എയർലൈൻ വക്താവ് അറിയിച്ചു.
ജൂൺ 22 പ്രാദേശിക സമയം വൈകിട്ട് 4.45ന് തായ്വാനിലെ തായ്ചൂംഗിലേക്ക് പറന്നുയർന്ന Boeing 737 Max 8 എന്ന കൊറിയൻ വിമാനത്തിലായിരുന്നു സംഭവം. പൊടുന്നനെ വിമാനം താഴ്ന്നതോടെ യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. എയർക്രാഫ്റ്റിന്റെ പ്രഷർ കൺട്രോൾ സിസ്റ്റം തകരാറിലാവുകയും 15 മിനിറ്റിനുള്ളിൽ 26,900 അടിയോളം വിമാനം താഴുകയും ചെയ്തു. ജേജു ദ്വീപിന് മുകളിലൂടെ പറക്കുമ്പോഴായിരുന്നു സംഭവം.
വിമാനം ആടിയുലഞ്ഞതിനെ തുടർന്ന് ഓക്സിജൻ മാസ്ക് റിലീസ് ചെയ്യപ്പെട്ടിരുന്നു. പല യാത്രക്കാർക്കും ചെവി വേദന, ഹൈപ്പർ വെന്റിലേഷൻ എന്നിവ അനുഭവപ്പെട്ടു. ചില യാത്രക്കാരുടെ മൂക്കിൽ നിന്നും രക്തം വാർന്നു. വിമാനത്തിന്റെ നിയന്ത്രണം തിരികെ ലഭിച്ചതോടെ തായ്വാനിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. പരിക്കേറ്റ 17 യാത്രക്കാരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാർ നേരിട്ട പ്രയാസങ്ങൾക്ക് കൊറിയൻ എയർ ഖേദം രേഖപ്പെടുത്തുകയും ചെയ്തു.















