തിരുവനന്തപുരം: പ്ലസ് വൺ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ മലപ്പുറത്ത് താൽക്കാലിക സീറ്റുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥി സംഘനകളുമായുള്ള ചർച്ചയ്‌ക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘ആരോഗ്യകരമായ ചർച്ചകളാണ് നടന്നത്. പൊതുസ്ഥിതിയെ കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 7,478 സീറ്റിന്റെ കുറവാണുള്ളത്. അവിടെ 53, 762 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചു. കാസർകോട് ജില്ലയിൽ 252 സീറ്റിന്റെ കുറവുണ്ട്. ഇത് കൂടാതെ പാലക്കാടും 1,757 സീറ്റിന്റെ കുറവാണുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റുകളോട് കൂടി പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തും. സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. ജൂലൈ അഞ്ചിന് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
അധിക ബാച്ച് എവിടെയെല്ലാം അനുവദിക്കണമെന്ന് സമിതി പരിശോധിക്കും. ഹയർ സെക്കൻഡറി ജോയിൻ ഡയറക്ടറും മലപ്പുറം ആർ ഡി ഡി യുമായിരിക്കും അംഗങ്ങൾ. ക്ലാസ്സ് നഷ്ടപെടുന്നവർക്ക് ബ്രിഡ്ജ് കോഴ്‌സ് നൽകും. അതിലൂടെ നഷ്ടപെട്ട ക്ലാസുകൾ നികത്താം. മലപ്പുറം ജില്ലയിൽ 7 താലൂക്കുകളിലും സയൻസ് സീറ്റുകൾ അധികമാണ്. കൊമേഴ്സിനും ഹ്യുമാനിറ്റീസിനും സീറ്റ് കുറവുമാണ്.
ജൂലൈ രണ്ട് മുതൽ അഞ്ച് വരെ സപ്ലിമെൻ്ററി അലോട്ട്മെന്റുകളുടെ അപേക്ഷ സ്വീകരിക്കും. എട്ടിനാണ് അലോട്ട്മെന്റ് വരുന്നത്. മലപ്പുറത്ത് സർക്കാർ ഹയർ സെക്കൻഡറി വിഭാഗത്തിൽ 85 സ്കൂളും എയ്ഡഡ് വിഭാഗത്തിൽ 88 സ്കൂളുകളുമാണ് ഉള്ളത്. 66,000ത്തോളം വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി രണ്ടാം വർഷം പഠിക്കുന്നു. പിണറായി സർക്കാരിന്റെ കാലത്തെ അപാകത എന്ന് പറയാൻ സാധിക്കില്ലെന്നും പ്ലസ് വൺ കോഴ്സ് ആരംഭിച്ചത് മുതൽ സീറ്റ് പ്രതിസന്ധിയുണ്ടെന്നുമായിരുന്നു ശിവൻകുട്ടിയുടെ മറുപടി.
കഴിഞ്ഞ വർഷവും മലപ്പുറത്ത് ഇത്തരത്തിൽ താൽക്കാലിക ബാച്ച് അനുവദിച്ചിരുന്നു. എന്നാൽ ഇത്തവണ ഇത് അനുവദക്കില്ലെന്നാണ് വിദ്യാർത്ഥി സംഘടനകൾ പറയുന്നത്. സീറ്റ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മലപ്പുറത്ത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളാണുണ്ടായത്.
സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും ഹയർ സെക്കൻഡറി റാങ്ക് ലിസ്റ്റിൽ നിന്ന് അദ്ധ്യാപകരെ നിയമിച്ചുകൊണ്ട് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നുമാണ് സംഘടനകളുടെ ആവശ്യം.















