തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി തൃശൂരിൽ നിൽക്കേണ്ടി വരുമെന്ന് പദ്മജ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കെ. മുരളീധരൻ. പദ്മജ കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിലും തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമായിരുന്നെന്നും മുരളീധരൻ പറഞ്ഞു. ജനം ടിവിയുടെ പ്രതിവാര അഭിമുഖ പരിപാടിയായ മറുപടിയിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.
‘പദ്മജ പാർട്ടി വിടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി വിടുന്നതിന് മുമ്പ് തൃശൂരിൽ എന്നെ നിർത്താൻ ശ്രമിക്കുന്നുണ്ടെന്ന് പദ്മജ പറഞ്ഞിട്ടുണ്ടായിരുന്നു. സുരേഷ് ഗോപിക്ക് എതിരായിട്ടാണ് നിൽക്കുന്നതെന്നും പറഞ്ഞിരുന്നു. ഞാൻ അങ്ങോട്ടേക്ക് ഇല്ലെന്നാണ് അന്ന് പദ്മജയോട് പറർഞ്ഞിരുന്നത്.
വടകരയിൽ ഞാൻ സേഫ് ആണ്. അപ്പോൾ, തൃശൂരിലേക്ക് ഞാൻ പോകേണ്ട കാര്യമില്ല. സംഘടനാ സംവിധാനം തകർന്നിരിക്കുകയാണ് അങ്ങോട്ട് പോയാൽ അപകടം ആയിരിക്കുമെന്നും പത്മജ പറഞ്ഞിരുന്നു. ആ സമയത്താണ് പദ്മജ തന്നെ പാർട്ടി വിട്ടു പോയത്. പാർട്ടി വിട്ടുപോകുമെന്ന് പദ്മജ ഒരിക്കലും എന്നോട് പറഞ്ഞിരുന്നില്ല. ചാനലുകളിലെ ന്യൂസ് കണ്ടാണ് ഞാൻ അറിഞ്ഞത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല.
പദ്മജ കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിലും സുരേഷ് ഗോപി ജയിക്കുമായിരുന്നു. ബിജെപിയിലേക്ക് പദ്മജ പോയില്ലായിരുന്നെങ്കിൽ തൃശൂരിലേക്കും എനിക്ക് പോകേണ്ടി വരില്ലായിരുന്നു. അച്ഛൻ ജീവിച്ചിരുന്നെങ്കിൽ ഇങ്ങനൊരു തീരുമാനം ഒരിക്കലും ഉണ്ടാകില്ലായിരുന്നു. സോണിയാ ഗാന്ധിയുമായി അച്ഛനൊരു അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അല്ലാതെ അച്ഛനൊരിക്കലും കോൺഗ്രസ് പാർട്ടി വിടുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല.’- കെ.മുരളീധരൻ പറഞ്ഞു.