കെ മുരളീധരനും കോൺഗ്രസിനും വൻപ്രഹരമായിരുന്നു തൃശ്ശൂരിലെ ബിജെപിയുടെ വിജയം. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല എന്നും താമര വിരിയിക്കാൻ താൻ സമ്മതിക്കില്ല എന്നും പറഞ്ഞ കെ മുരളീധരന് തൃശ്ശൂരിലെ ജനങ്ങൾ നൽകിയത് വമ്പൻ തോൽവിയായിരുന്നു. ഒരു പാർട്ടിയെ തോൽപ്പിക്കാൻ വേണ്ടി കോൺഗ്രസ് പറയുന്ന മണ്ഡലങ്ങളിൽ പോയി നിൽക്കുന്ന പരിപാടി നിർത്തിയെന്ന് പറയുകയാണ് കെ മുരളീധരൻ. വട്ടിയൂർക്കാവിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വരുന്ന രണ്ടു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നും ജനം ടിവിയോട് മുരളീധരൻ പ്രതികരിച്ചു.
“വട്ടിയൂർകാവിൽ ഞാൻ എന്നും ഉണ്ടാവും. അടുത്ത തവണ മത്സരിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ഞാൻ ചിന്തിച്ചിട്ടില്ല. കാരണം രണ്ടുകൊല്ലം ബാക്കിയുണ്ട്. എങ്ങനെയൊക്കെയുണ്ട് സംഭവങ്ങൾ എന്ന് നോക്കിയ ശേഷമേ മത്സരിക്കൂ. ഇനി ഒരു കാരണവശാലും രണ്ടു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ചില കാര്യങ്ങളിൽ ഞാൻ തന്നെ സ്വയം തീരുമാനമെടുക്കേണ്ടി വരും. പാലക്കാട് ചെറുപ്പക്കാർ ഉണ്ട്. ചിലരുടെ പേരുകൾ കേൾക്കുന്നുണ്ട്. അവർ മത്സരിക്കാൻ യോഗ്യരാണ്”.
“കെ സുരേന്ദ്രൻ കഴിഞ്ഞദിവസം വെല്ലു വളിച്ചിരുന്നു. പാലക്കാടിനു വേണ്ടി ആ വെല്ലുവിളി ഞാൻ സ്വീകരിക്കേണ്ട ആവശ്യമില്ല. പാലക്കാട് മുൻസിപ്പാലിറ്റിയിൽ മാത്രമാണ് ബിജെപിക്ക് സ്വാധീനം. അവിടെ ബിജെപി എത്ര ലീഡ് ചെയ്താലും പഞ്ചായത്തുകളിലെ വോട്ട് കൊണ്ട് കോൺഗ്രസ് ജയിക്കും. വയനാട്ടിൽ പ്രിയങ്ക മത്സരിക്കുന്നതുകൊണ്ട് അതിന്റെ സ്വാധീനം പാലക്കാട് ഉണ്ടാകും. ഒരു പാർട്ടിയെ തോൽപ്പിക്കാൻ വേണ്ടി ഇനി എല്ലായിടത്തും പോയി നിൽക്കില്ല. ഒരിടത്ത് ഉറച്ചുനിൽക്കാനാണ് എന്റെ തീരുമാനം”-കെ മുരളീധരൻ പറഞ്ഞു.