ലോകത്തെ എഞ്ചിനീയറിംഗ് വിസ്മയങ്ങളിൽ ഒന്നാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയം (ISS). വിവിധ രാജ്യങ്ങൾ ചേർന്ന് നിർമിച്ച ISS ഭൂമിയുടെ ഭ്രമണപഥത്തിൽ കഴിഞ്ഞ 25 വർഷമായി നിലകൊള്ളുന്നു. ISSന്റെ ചില സവിശേഷതകളറിയാം..
വലിപ്പവും തൂക്കവും: ബഹിരാകാശത്ത് സ്ഥിതിചെയ്യുന്ന കൊച്ചുനഗരമെന്ന് (mini-city) വിശേഷിപ്പിക്കാവുന്ന വലിപ്പമാണ് ISSനുള്ളത്. 419 ടൺ ഭാരമുള്ള നിലയത്തിന് ഫുട്ബോൾ ഗ്രൗണ്ടിന്റെ വിസ്തൃതി കാണും.
ഗവേഷകരുടെ ഹബ്ബ്: ഒരു റിസർച്ച് ലബോറട്ടിയാണ് ISS. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ ഇവിടെയെത്തി പരീക്ഷണങ്ങൾ നടത്തുന്നു.
ചെലവേറിയ ദൗത്യം: ISSനെ പരിപാലിക്കുകയെന്നത് ഏറ്റവും ചെലവേറിയ ഉദ്യമമാണ്. ഇതിനോടകം 150 ബില്യൺ ഡോളർ ബഹിരാകാശ നിലയത്തിനായി ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്.
പ്രവർത്തനരീതി: മണിക്കൂറിൽ 28,165 കിലോമീറ്റർ വേഗതയിലാണ് ISS ഭൂമിയെ വലംവയ്‌ക്കുന്നത്. പ്രതിദിനം 16 തവണ ഭൂമിയെ വലം വയ്‌ക്കുന്നതിനാൽ നിലയത്തിലുള്ള ഗവേഷകർക്ക് ഒരുദിവസം തന്നെ 16 തവണ സൂര്യോദയവും സൂര്യാസ്തമയവും കാണാം.
അന്താരാഷ്‌ട്ര പദ്ധതി: 15 രാജ്യങ്ങളുടെ ബഹിരാകാശ നിലയങ്ങൾ സംയോജിപ്പിച്ചുകൊണ്ടാണ് ISS നിർമിച്ചത്.
മനുഷ്യന്റെ സാന്നിധ്യം: 2000 മുതൽ നിരവധി ബഹിരാകാശ സഞ്ചാരികളാണ് ISSൽ താമസിക്കുന്നത്. ശൗചാലയം, ജിംനേഷ്യം, വലിയ ജനാല എന്നീ സൗകര്യങ്ങൾ നിലയത്തിലുണ്ട്. ISSൽ നിന്ന് നോക്കിയാൽ ഭൂമിയുടെ 360-ഡിഗ്രി കാഴ്ച കാണാം.
സുസ്ഥിരമായ ജീവിതശൈലി: നൂതനമായ പുനരുപയോഗ സംവിധാനങ്ങളാണ് നിലയത്തിലുള്ളത്. വിയർപ്പും മൂത്രവും കുടിവെള്ളമാക്കുന്ന അതിനൂതന സാങ്കേതികവിദ്യ നിലയത്തിൽ ഉപയോഗിക്കുന്നു. നാളുകൾ നീണ്ട ബഹിരാകാശ ദൗത്യങ്ങൾക്ക് ഇതേ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കാറുള്ളത്.
സൂക്ഷ്മജീവികളുടെ ആക്രമണം: ബഹിരാകാശ നിലയത്തിലെ അടഞ്ഞ അന്തരീക്ഷം പല ബാക്ടീരിയകളുടെയും (സൂപ്പർ ബഗ്) വികാസത്തിന് കാരണമായേക്കാം. ഇത് നിലയത്തിലുള്ള ഗവേഷകരുടെ ആരോഗ്യത്തെ ബാധിക്കാനുള്ള സാധ്യതയുമുണ്ട്.
ഭൂമിയിൽ നിന്ന് കാണാം: ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ISSനെ ഭൂമിയിൽ നിന്ന് നോക്കിയാൽ കാണാം. നാസ നൽകുന്ന ഉപകരണത്തിലൂടെ രാത്രിസമയങ്ങളിൽ നോക്കിയാൽ ISSന്റെ സഞ്ചാരം കാണാൻ സാധിക്കും.
ഭാവിയിൽ എന്ത്?: ഇതുവരെയും ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യൻ പൗരൻ എത്തിയിട്ടില്ല. ISSലേക്ക് എത്രയും വേഗം ഇന്ത്യൻ പൗരനെ അയക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ. കൂടാതെ 2040ഓടെ ഇന്ത്യക്ക് സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.