ഇടുക്കി: ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. മണ്ണെടുപ്പും ഖനന പ്രവർത്തനങ്ങൾക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
ജില്ലയിലെ രാത്രി യാത്രയ്‌ക്കും നിരോധനമുണ്ട്. നാളെ രാവിലെ 6 വരെയാണ് നിരോധനം. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു. പുളിയന്മല കുമിളി റോഡിൽ പുറ്റടി സമീപം മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ചെറുതോണി കുളമാവ് റോഡിൽ ചേരിയിൽ മരം വീണ് ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. മൂന്നാറിൽ മൂന്ന് ദുരിതാശ്വാസക്യാമ്പുകൾ തുറന്നു.
വരും മണിക്കൂറുകളിൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.















